‘ദുഃഖകരവും ഞെട്ടിപ്പിക്കുന്നതും’; അൽ മവാസി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ
text_fieldsഗസ്സ: ഹമാസ് നേതാക്കളെ വധിക്കാനെന്നപേരിൽ മാന യൂനിസിലെ അൽ മവാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിനെ അപലപിച്ച് ലോകരാജ്യങ്ങൾ. ആക്രമണം ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ആക്രമണങ്ങളിൽപോലും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണ് ആക്രമണമെന്ന് ഫലസ്തീൻ അതോറിറ്റി വക്താവ് നബീൽ അബു റുദൈനാഹ് പറഞ്ഞു. കൂട്ടക്കൊലക്ക് യു.എസ് ഭരണകൂടവും ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. യു.എസിന്റെ അന്ധമായ പിന്തുണയുടെ ബലത്തിലാണ് ഇസ്രായേൽ ഹീനമായ കുറ്റകൃത്യങ്ങൾ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ നടപടി പ്രാകൃതവും അനീതിയുമാണെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
ജോർഡൻ, ഈജിപ്ത്, ഖത്തർ, തുർക്കിയ, സൗദി അറേബ്യ, ഇറാൻ, ഒമാൻ, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. വെടിനിർത്തൽ നിർദേശത്തോടുള്ള ഹമാസിന്റെ പോസിറ്റീവായ പ്രതികരണത്തിന് രക്തച്ചൊരിച്ചിലിന്റെ പാതയാണ് ഇസ്രായേൽ തെരഞ്ഞെടുത്തതെന്ന് തുർക്കിയ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഫലസ്തീൻ പൗരന്മാരുടെ അവകാശങ്ങൾക്കെതിരായ നടക്കുന്ന തുടർച്ചയായ ലംഘനമാണ് ആക്രമണമെന്നും ഇത് വെടിനിർത്തൽ ചർച്ചകൾ കൂടുതൽ സങ്കീർണമാക്കുമെന്നും ഈജിപത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തെ ഹിസ്ബുല്ല നേതാവ് ഹസൻ നസുല്ല അപലപിച്ചു. എന്നാൽ, ആക്രമണത്തോട് പ്രതികരിക്കാൻ അമേരിക്ക തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.