ഹുർമുസിലെ കപ്പൽ ഗതാഗതം പ്രതിസന്ധിയിൽ; യു.എസ് സംരക്ഷണ പദ്ധതിയിൽ നിന്ന് കമ്പനികൾ പിന്മാറുന്നു
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ യു.എസ് സംരക്ഷണ പദ്ധതിയുടെ ഭാഗമാവാൻ മടിച്ച് കപ്പൽ കമ്പനികൾ. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കമ്പനികൾ കടുത്ത സുരക്ഷാ ആശങ്കയിലാണ്. നിലവിൽ ഹുർമുസിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധവും യു.എസ് സൈന്യത്തിന്റെ മാർഗ്ഗനിർദേശത്തോടെ നടപ്പിലാക്കിയ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാനും ഭയന്നാണ് പല കമ്പനികളും ഇപ്പോൾ ഈ പാത ഒഴിവാക്കുന്നത്.
1968ൽ ഐക്യരാഷ്ട്രസഭയുടെ ഏജൻസി രൂപീകരിച്ച 'ട്രാഫിക് സെപ്പറേഷൻ സ്കീം' വഴിയാണ് പതിറ്റാണ്ടുകളായി കപ്പലുകൾ ഗൾഫിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ, ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതോടെ ഇറാൻ സേന ഈ ഭാഗത്ത് മൈനുകൾ സ്ഥാപിക്കുകയും, കപ്പലുകളെ ഒമാൻ അല്ലെങ്കിൽ ഇറാൻ തീരത്തോട് ചേർന്നുള്ള ബദൽ പാതകൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.
അതേസമയം ഗൾഫ് മേഖലയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതി തടസ്സമില്ലാതെ തുടരാൻ യു.എസ് സൈന്യത്തിന്റെ സഹായത്തോടെ ഒരു പ്രത്യേക പദ്ധതി ജൂണിൽ ആരംഭിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ടാങ്കറുകൾക്ക് സുരക്ഷയൊരുക്കുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ സഹായിച്ചു. എന്നാൽ, സമീപകാലത്തുണ്ടായ ആക്രമണങ്ങൾ ഈ പാതകളെയും അപകടകരമാക്കി മാറ്റിയിരിക്കുകയാണ്.
ജൂലൈ 7-ന് ശേഷം മാത്രം മൂന്ന് ക്രൂഡ് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യു.എസ് സംരക്ഷണ വലയത്തിനുള്ളിൽ വെച്ചുപോലും ഈ ആക്രമണങ്ങൾ നടന്നത് കപ്പൽ കമ്പനികളുടെ വിശ്വാസ്യത തകർത്തു. യു.എസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും, ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തങ്ങൾ ഈ വഴിയിലെ യാത്രകൾ നിർത്തിവെക്കുകയാണെന്നും ഒരു പ്രമുഖ കമ്പനി വ്യക്തമാക്കി.
സമാധാന കരാർ പ്രകാരം ഗതാഗതത്തിനായി തുറന്ന് കൊടുത്ത കടലിടുക്ക് യു.എസ് സൈനിക ഇടപെടലുകൾക്കും ഉപരോധങ്ങൾക്കുമുള്ള മറുപടിയായി അടച്ചുപൂട്ടുകയാണെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. യു.എസ് നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, തങ്ങളുടെ പരമാധികാരത്തിന് നേരെ ഉയരുന്ന ഭീഷണികൾക്കെതിരായ പ്രതിരോധ നടപടിയാണിതെന്നും ഇറാൻ ചൂണ്ടിക്കാട്ടി. ഹുർമുസ് കടലിടുക്കിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും, യു.എസ് പിന്തുണയുള്ള കപ്പൽ നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇറാനിയൻ സൈനിക വക്താക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഹുർമുസ് കടലിടുക്ക് തുറന്നുതന്നെ കിടക്കുന്നുണ്ടെന്നും എണ്ണ കയറ്റുമതി തുടരുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയ്ൽസ് അവകാശപ്പെട്ടത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങൾ ഭീകരവാദമാണെന്നും, ഇതിനെതിരെ യു.എസ് ശക്തമായി പ്രതികരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹുർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്നും ഇറാനൊഴികെയുള്ള രാജ്യങ്ങൾക്ക് അത് ഉപയോഗിക്കാമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒരു കപ്പലിനും സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നാണ് മാരിടൈം സെക്യൂരിറ്റി കമ്പനികൾ മുന്നറിയിപ്പ് നൽകുന്നത്. യു.എസ് സൈനിക കേന്ദ്രീകൃതമായ ഈ സുരക്ഷാ പദ്ധതി അപര്യാപ്തമാണെന്നും കപ്പലുകൾക്ക് നേരെ വരുന്ന ഭീഷണികൾ തത്സമയം അറിയിക്കാൻ യു.എസ് സൈന്യത്തിന് സാധിക്കുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഭീഷണികൾ ഗുരുതരമായ തലത്തിലേക്ക് ഉയർന്നതോടെ പല കമ്പനികളും തങ്ങളുടെ കപ്പലുകൾ ഗൾഫ് മേഖലയിൽ നിന്ന് പിൻവലിക്കുകയോ യാത്രകൾ നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, ചെങ്കടലിലേക്കുള്ള പ്രധാന പാതയായ ബാബൽ-മന്ദബ് കടലിടുക്കും അടച്ചുപൂട്ടാൻ ഹൂതി വിമതരെ ഉപയോഗിച്ച് ഇറാൻ നീക്കം നടത്തുന്നത് ആഗോള നാവിക ഗതാഗതത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

