ഷിംല കരാർ ‘ജീവനില്ലാത്ത രേഖ’യെന്ന് പാക് പ്രതിരോധമന്ത്രി; പിന്നാലെ തിരുത്തി വിദേശകാര്യ മന്ത്രാലയം
text_fieldsഇസ്‌ലാമബാദ്: 1972ലെ ഷിംല കരാർ ‘ജീവനില്ലാത്ത രേഖ’യാണെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ പരാമർശത്തിൽ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഷിംല കരാറുൾപ്പെടെ, ഇന്ത്യയുമായുള്ള ഒരു ഉഭയകക്ഷി കരാറും പിൻവലിക്കാൻ ഔദ്യോഗിക തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ആസിഫ് വിവാദ പരാമർശങ്ങളുയർത്തിയത്.
2019ൽ 370-ാം അനുച്ഛേദം റദ്ദാക്കിയത് ഉൾപ്പെടെ ഇന്ത്യയുടെ ഏകപക്ഷീയമായ നടപടികൾ ഷിംല കരാറിനെ അപ്രസക്തമാക്കിയെന്ന് ആസിഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷിംല കരാർ ഇപ്പോൾ ജീവനില്ലാത്ത രേഖയാണ്. ഐക്യരാഷ്ട്രസഭ നിയന്ത്രണ രേഖയെ വെടിനിർത്തൽ രേഖയായി പ്രഖ്യാപിച്ച 1948ലെ സ്ഥിതിയിലേക്ക് തങ്ങൾ തിരിച്ചെത്തിയിരിക്കുന്നുവെന്നും ആസിഫ് പറഞ്ഞു. കരാർ വിഭാവനം ചെയ്ത ഉഭയകക്ഷി ഘടന തകർന്നെന്നും ഭാവിയിലെ തർക്കങ്ങൾ അന്താരാഷ്ട്ര സംവിധാനങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ആസിഫിന്റെ പ്രസ്താവനയെ എതിർത്തു രംഗത്തുവന്നു. ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടി ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇസ്‌ലാമാബാദിൽ ആഭ്യന്തര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും നിലവിൽ ഏതെങ്കിലും ഉഭയകക്ഷി കരാർ അവസാനിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ വേഗത്തിലുള്ള ഇടപെടൽ കൂടുതൽ നയതന്ത്ര സങ്കീർണതകൾ ഒഴിവാക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 1972 ജൂലൈ രണ്ടിന് ഹിമാചൽപ്രദേശിലെ ഷിംലയിൽവെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവെച്ച സമാധാന ഉടമ്പടിയാണ് ഷിംല കരാർ. ഇന്ത്യയുടെ നിർണായക വിജയത്തിനും ബംഗ്ലാദേശിന്റെ രൂപീകരണത്തിനും കാരണമായ 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് പിന്നാലെയാണ് കരാർ നിലവിൽവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

