ശൈഖ് ഹസീനയുടെ വിധി: സുരക്ഷാവലയത്തിൽ ബംഗ്ലാദേശ്, വധശിക്ഷ അതിരുകടന്നതെന്ന് യു.എൻ
text_fieldsധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ചതിനെതിരെ അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദിന്റെ പശ്ചാത്തലത്തിൽ രാജ്യം സുരക്ഷാവലയത്തിൽ. ചൊവ്വാഴ്ച തലസ്ഥാന നഗരം ഉൾപ്പെടെ അടഞ്ഞുകിടന്നു. ജനങ്ങൾ കാര്യമായി പുറത്തിറങ്ങിയില്ല. സർക്കാർ ഓഫിസുകൾ, പാർട്ടി ഓഫിസുകൾ, പ്രധാന നിരത്തുകൾ എന്നിവിടങ്ങളിലെല്ലാം സായുധ പൊലീസ് സേനക്കൊപ്പം ദ്രുത കർമ സേന, അർധ സൈനിക വിഭാഗങ്ങൾ എന്നിവയും നിലയുറപ്പിച്ചു.
പലയിടത്തും ചെക്പോയിന്റുകൾ സ്ഥാപിച്ചും ബാരിക്കേഡുകൾ ഉയർത്തിയുമായിരുന്നു സർക്കാർ നടപടി സ്വീകരിച്ചത്. രാജ്യത്തെവിടെയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വളരെ കുറച്ചുപേർ മാത്രമാണ് എത്തിയത്.
തിങ്കളാഴ്ചയാണ് ബംഗ്ലദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ കോടതി മാനവികതക്കെതിരായ കുറ്റകൃത്യം ആരോപിച്ച് ശൈഖ് ഹസീനക്കും അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. അധികാര ഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ശൈഖ് ഹസീന വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതികരിച്ചിരുന്നു.
വിദ്യാർഥി പ്രക്ഷോഭത്തിലെ ഇരകൾക്ക് സുപ്രധാന നിമിഷമാണെന്ന് പ്രതികരിച്ച യു.എൻ, വധശിക്ഷ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പറഞ്ഞു.
അതേ സമയം, ശൈഖ് ഹസീനയുടെ അഭാവത്തിൽ നടന്ന വിചാരണയും വിധി പ്രഖ്യാപനവും നീതിയുക്തമല്ലെന്നും അന്താരാഷ്ട്ര വിചാരണ ചട്ടങ്ങൾ പാലിക്കാതെയാണെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.
ഹ്യൂമൻ റൈറ്റ്സ് വാച്ച്, ഇന്റർനാഷനൽ ക്രൈസിസ് ഗ്രൂപ് എന്നിവയും വിധിക്കെതിരെ രംഗത്തുവന്നു. അതേസമയം, വിധി ബംഗ്ലാദേശിന്റെ ആഭ്യന്തര വിഷയമാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ചൈന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

