മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ ചെയ്തു; ശൈഖ് ഹസീനക്കെതിരെ കുറ്റം ചുമത്തി
text_fieldsധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റം ചുമത്തി ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണലിലെ പ്രോസിക്യൂട്ടർമാർ. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ കൂട്ടക്കൊല നടത്താൻ ഉത്തരവിട്ടതിൽ ഹസീനക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഉന്നത ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടന്ന പ്രക്ഷോഭത്തിനിടെ നടന്ന അക്രമാസക്തമായ അടിച്ചമർത്തലിന് പ്രേരണ നൽകിയത് ഹസീനയാണെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാമും സംഘവും സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. സാധാരണക്കാർക്കെതിരായ സംഘടിത ആക്രമണമായിരുന്നു അതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹസീന സർക്കാരിലെ രണ്ട് മുതിർന്ന അംഗങ്ങളായ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ചൗധരി മാമുൻ എന്നിവരെയും കൂട്ടുപ്രതികളാക്കി. ഭരണാധികാരി എന്ന നിലയിൽ പ്രക്ഷോഭത്തിനിടെ നടന്ന സുരക്ഷ സേനയുടെ നടപടികൾക്ക് ഹസീനക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
സുരക്ഷാസേനകളോടും രാഷ്ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപറേഷനുകൾ നടത്താനും ഉത്തരവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
കേസിൽ 81 പേരെ സാക്ഷികളാക്കി പട്ടികപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട് 1500 പേരാണ് കൊല്ലപ്പെട്ടത്. 25,000പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭങ്ങൾക്കൊടുവിൽ ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും ഇന്ത്യയിൽ അഭയം തേടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

