Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡിസംബറിൽ...

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ശൈഖ് ഹസീന; കോടതിയിൽ കീഴടങ്ങാൻ തീരുമാനം

text_fields
bookmark_border
sheikh haseena
cancel
camera_alt

ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയും അവാമി ലീഗ് നേതാക്കളും ഡിസംബറോടെ സ്വന്തം നാട്ടിലേക്ക് സ്വമേധയാ മടങ്ങുമെന്ന് പ്രഖ്യാപിച്ചു. 2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്.

ഡിസംബറോടെ താനും അവാമി ലീഗിലെ മുതിർന്ന നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും കോടതിയിൽ നേരിട്ട് ഹാജരായി കീഴടങ്ങുമെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഹസീന വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെടാനോ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും, ഈ മടങ്ങി വരവ് അനിവാര്യമാണെന്ന് 78 കാരിയായ ശൈഖ് ഹസീന പറഞ്ഞു. തന്റെ മടങ്ങി വരവിനെക്കുറിച്ച് നിലവിലെ ധാക്ക ഭരണകൂടവുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വലിയ അടിച്ചമർത്തലുകൾ നേരിടുകയാണെന്നും ആ അവസ്ഥയിൽ മാറിനിൽക്കാൻ തനിക്ക് കഴിയില്ലെന്നും അവർ വ്യക്തമാക്കി. ‘മരണം വരികയാണെങ്കിൽ അത് എന്റെ സ്വന്തം മണ്ണിൽ വെച്ചാകണം. എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത, അവരുടെ രക്തം വീണ ആ മണ്ണിൽ,’ ഹസീന കൂട്ടിച്ചേർത്തു.

നേരത്തെ, 2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ നടന്ന കൊലപാതകങ്ങളിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ, ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് അവരുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഭരണകൂടം താഴെയിറക്കപ്പെട്ടത്.

ഹസീനക്ക് പുറമെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമലിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. മുൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുള്ള അൽ-മാമുന് അഞ്ച് വർഷത്തെ തടവുശിക്ഷയും ലഭിച്ചു. ഇതിന് പുറമെ, ശൈഖ് ഹസീനയുടെയും അസദുസ്സമാൻ ഖാൻ കമലിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പാർട്ടി പ്രവർത്തകർക്കെതിരെ വ്യാപകമായി കേസുകൾ ഫയൽ ചെയ്യപ്പെടുകയും പലരും ഒളിവിൽ പോവുകയും ചെയ്ത സാഹചര്യത്തിലാണ് ഹസീനയുടെ തിരിച്ചുവരവ്. ഇതിനകം തന്നെ ഓൺലൈൻ മീറ്റിങ്ങുകളിലൂടെ ബംഗ്ലാദേശിലെ 125 മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരുമായി അവർ ബന്ധപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് സാധിക്കില്ലായിരിക്കാം, എന്നാൽ അവാമി ലീഗിനെ നിരോധിക്കാൻ സർക്കാരിന് അവകാശമില്ലെന്നും, പാർട്ടിയുടെ പ്രകടനത്തെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും ഹസീന കൂട്ടിച്ചേർത്തു.

ഹസീനയുടെ മടങ്ങി വരവ് ബംഗ്ലാദേശിലെ രാഷ്ട്രീയ ധ്രുവീകരണം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പ്രക്ഷോഭങ്ങൾക്ക് ശേഷം രാജ്യത്ത് സ്ഥിരത കൊണ്ടുവരാൻ ശ്രമിക്കുന്ന നിലവിലെ സർക്കാരിന് ഇത് വലിയൊരു വെല്ലുവിളിയാകും. അതേസമയം, ഹസീനയെ സംരക്ഷിച്ചതിനെ തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ വിള്ളലുകൾ, ഹസീനയുടെ മടക്കത്തോടെ പരിഹരിക്കപ്പെടുമോയെന്നും നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshDeath SentenceSheikh HasinaIndiaAwami League
News Summary - 'May get arrested or killed': Sheikh Hasina says she will return to Bangladesh in December
Next Story