Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലെന്ന് ശൈഖ് ഹസീന

text_fields
bookmark_border
Sheikh Hasina
cancel

ധാക്ക: ബംഗ്ലാദേശിൽ തന്റെ സർക്കാർ പുറത്താക്കപ്പെട്ടതുമുതൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ ശൈഖ് ഹസീന. ശാരദീയ ദുർഗാപൂജയോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് രൂക്ഷവിമർശനം ഉന്നയിച്ചത്.

രാജ്യത്ത് ഹൈന്ദവ സമൂഹങ്ങൾക്കും ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ തുടർച്ചയായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഹസീന കുറ്റപ്പെടുത്തി. കൊലപാതകങ്ങൾ, വിഗ്രഹങ്ങൾ തകർക്കൽ, സ്വത്തുക്കൾ കൈയേറൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തലുകൾ എന്നിവ കാരണം ഇത്തവണത്തെ ദുർഗാപൂജ ആഘോഷങ്ങൾ വലിയ ഭീതിയുടെ നിഴലിലാണ് നടക്കുന്നതെന്ന് ഹസീന പറഞ്ഞു. ഈ സാഹചര്യം രാജ്യത്തിനകത്തും അന്തർദേശീയ തലത്തിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

രാഷ്ട്രപിതാവ് ബംഗബന്ധു ശൈഖ് മുജിബുറഹ്മാന്റെ കാലം മുതൽ മതേതരത്വവും മതസൗഹാർദവും ഉയർത്തിപ്പിടിച്ച രാജ്യമാണ് ബംഗ്ലാദേശെന്ന് ഓർമ്മിപ്പിച്ച ഹസീന, കുറ്റവാളികളെ സംരക്ഷിക്കുന്ന മുൻ ഇടക്കാല സർക്കാരിന്റെ നിലപാട് നിയമവാഴ്ചയെ തകർത്തുവെന്നും ആരോപിച്ചു. ഇത്തരം പ്രതിസന്ധികൾക്കിടയിലും ഹിന്ദു സഹോദരങ്ങൾ ഒറ്റക്കല്ലെന്നും രാജ്യം എല്ലാവരുടേതുമാണെന്നും വ്യക്തമാക്കിയ അവർ, വർഗീയ ശക്തികളുടെ ഭീഷണികൾക്ക് മുന്നിൽ നൂറ്റാണ്ടുകളുടെ മതേതര പാരമ്പര്യം തകരില്ലെന്നും കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങൾക്ക് കാവലേകേണ്ടി വരാത്തതും, മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതുമില്ലാത്തതുമായ ഒരു പുതിയ ബംഗ്ലാദേശ് നാം വീണ്ടെടുക്കണമെന്നും ശൈഖ് ഹസീന തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

അതേസമയം, ദുർഗാപൂജാ ആഘോഷങ്ങൾക്ക് രാജ്യത്തുടനീളം പൊലീസ്, ഡ്രോണുകൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രവർത്തകർ എന്നിവരുടെ കർശന സുരക്ഷ ഏർപ്പെടുത്തിയതിനെ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ നേരത്തേ വിമർശിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും അന്താരാഷ്ട്ര സമൂഹത്തിൽ ബംഗ്ലാദേശിന്റെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യുന്നതായി സംഘടന പ്രസ്താവനയിൽ പറഞ്ഞു.

2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെയാണ് ശൈഖ് ഹസീനക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. നിലവിൽ ഇന്ത്യയിൽ അഭയം തേടിയ ശൈഖ് ഹസീനയുടെ തിരിച്ചുവരവിനെ ചൊല്ലി ബംഗ്ലാദേശിനും ഇന്ത്യക്കും ഇടയിൽ നയതന്ത്ര വിള്ളൽ രൂക്ഷമായിരുന്നു. ഇതിനിടയാണ് ബംഗ്ലാദേശ് സർക്കാരിനെതിരെ നിരന്തര വിമർശന വിമർശനവുമായി ഹസീന രംഗത്ത് വരുന്നത്. നേരത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാത്തതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെതിരെ രൂക്ഷ വിമർശനവുമായി ഹസീന രംഗത്ത് വന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Hasina flags "deep sense of insecurity" among religious minorities in Bangladesh in Durga Puja message
Next Story