‘ന്യൂനപക്ഷം ജീവനോടെ കത്തിയെരിയുന്നു’ -ക്രിസ്മസ് ദിന സന്ദേശത്തിൽ യുനുസ് ഭരണത്തെ വിമർശിച്ച് ശൈഖ് ഹസീന
text_fieldsശൈഖ് ഹസീന
ന്യൂ ഡൽഹി: ക്രിസ്മസ് ദിന സന്ദേശത്തിൽ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഭരണത്തെ രൂക്ഷമായി വിമർശിച്ച് പുറത്താക്കപ്പെട്ട പ്രധാന മന്ത്രി ശൈഖ് ഹസീന. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജീവനോടെ കത്തിയെരിയുകയാണെന്നും നിലവിലെ ഭരണകൂടം അന്യായമായി അധികാരം കയ്യാളുകയാണെന്നും ഹസീന പറഞ്ഞു. ബംഗ്ലാദേശിന് മതസൗഹാർദ്ദത്തിന് പേരുകേട്ട ഒരു പഴയ കാലമുണ്ടായിരുന്നു. വംശീയത ഇല്ലാത്ത ബംഗ്ലാദേശാണ് നമ്മുടെ രാഷ്ട്രപിതാവ് സ്വപ്നം കണ്ടത്. അതു മനസിലാക്കി എല്ലാ മതസ്ഥർക്കും സുരക്ഷിത ജീവിത സാഹചര്യം അവാമി ലീഗ് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ നിയമവിരുദ്ധമായി അധികാരം കൈയടക്കിയ ഇന്നത്തെ ഭരണകൂടം ആളുകളുടെ മത സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണെന്നും ഹസീന ആരോപിച്ചു.
ബംഗ്ലാദേശിലെ മൈമെൻസിങ്ങിൽ ദൈവനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടർന്ന് രാജ്യം പ്രക്ഷുബ്ധമായിരിക്കുന്ന സമയത്താണ് ഹസീനയുടെ വിമർശനം. ദിപു ചന്ദ്ര ദാസിന്‍റെ മൃതദേഹം പിന്നീട് കെട്ടിത്തൂക്കി കത്തിക്കുകയായിരുന്നു. ഇതിന് ശേഷവും രാജ്യത്ത് മറ്റൊരു ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് തുടരാൻ ബംഗ്ലാദേശ് ജനത അനുവദിക്കില്ലെന്ന് കരുതുന്നുവെന്നും രാജ്യത്തെ ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും തമ്മിലുള്ള സൗഹാർദ്ദം ക്രിസ്മസ് ദിനത്തിൽ ശക്തിപ്പെടട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

