Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മരണമാണ് വിധിയെങ്കിൽ സ്വന്തം മണ്ണിൽ മരിക്കും'; ഇന്ത്യയിലെ അഭയം അവസാനിപ്പിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

text_fields
bookmark_border
Former Bangladesh Prime Minister Sheikh Hasina during an official press briefing.
cancel
camera_alt

ശൈഖ് ഹസീന


ധാക്ക: 2024-ൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന അടുത്ത മാസം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് വ്യക്തമാക്കി. പ്രക്ഷോഭകർക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമർത്തലിൽ പ്രത്യേക ട്രിബ്യൂണൽ തനിക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും മടങ്ങി പോവാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അസോസിയേറ്റഡ് പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. 2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഹസീന നിലവിൽ ഇന്ത്യയിലാണ് തങ്ങുന്നത്. മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി 2025-ൽ ബംഗ്ലാദേശിലെ പ്രത്യേക ട്രിബ്യൂണൽ ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഭരണകൂടം ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ന്യൂഡൽഹി അത് നിരസിക്കുകയായിരുന്നു.

'മരണമാണ് വിധിയെങ്കിൽ സ്വന്തം മണ്ണിൽ വെച്ച് മരിക്കട്ടെ': ശൈഖ് ഹസീന

തന്റെ ജീവന് ഭീഷണിയുണ്ടെന്ന പൂർണ ബോധ്യത്തോടെയാണ് മടങ്ങിവരവിനൊരുങ്ങുന്നതെന്ന് ഹസീന വ്യക്തമാക്കി. 'മരണമാണ് എന്റെ വിധിയെങ്കിൽ, സ്വന്തം മണ്ണിൽ സ്വന്തം ജനങ്ങൾക്കിടയിൽ വെച്ച് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ബംഗ്ലാദേശിലേക്ക് ഞാൻ മടങ്ങിയെത്തും. ആ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ല. തിരികെയെത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെടാമെന്ന് എനിക്കറിയാം. തടവിലാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം. ആ സാധ്യതകളെക്കുറിച്ച് എനിക്ക് പൂർണ ബോധ്യമുണ്ട്. എന്നാൽ ദൂരത്തുനിന്ന് എന്റെ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് നോക്കിനിൽക്കാൻ എനിക്കാവില്ല' ഹസീന വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഏതുവഴിയാണ് ബംഗ്ലാദേശിലേക്ക് മടങ്ങുകയെന്ന വിവരം അവർ പുറത്തുവിട്ടിട്ടില്ല. വിദേശ രാജ്യങ്ങളുടെ സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബാഹ്യശക്തികളുടെ അനുഗ്രഹം തേടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

താരീഖ് റഹ്മാൻ സർക്കാരിനെതിരെ രൂക്ഷവിമർശനം

ഹസീനയുടെ പലായനത്തിന് ശേഷം നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ 18 മാസം നീണ്ട ഇടക്കാല ഭരണകൂടമാണ് രാജ്യത്തുണ്ടായിരുന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും മുഖ്യ രാഷ്ട്രീയ എതിരാളിയുമായ താരീഖ് റഹ്മാൻ അധികാരത്തിലെത്തി. അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. തന്റെ പാർട്ടിയായ അവാമി ലീഗ് കടുത്ത അടിച്ചമർത്തലുകൾ നേരിടുകയാണെന്ന് ഹസീന ആരോപിച്ചു. 2024 ആഗസ്റ്റിന് ശേഷം 20-ലധികം പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയോ ഒളിവിൽ പോകുകയോ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് തീവ്രവാദ ഘടകങ്ങൾക്ക് കൂടുതൽ വളരാനുള്ള അവസരമൊരുക്കിയതായും അവർ കുറ്റപ്പെടുത്തി. താരീഖ് റഹ്മാൻ സർക്കാരിന്റെ രാഷ്ട്രീയ അടിച്ചമർത്തലുകളെ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sheikh Hasina Vows Return to Bangladesh Despite Looming Death Sentence
Next Story