Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക്കധീന കശ്മീരിൽ മനംമാറ്റവുമായി ഷഹബാസ് ശരീഫ്; പ്രതിഷേധക്കാരുമായി ചർച്ച

text_fields
bookmark_border
പാക്കധീന കശ്മീരിൽ മനംമാറ്റവുമായി ഷഹബാസ് ശരീഫ്; പ്രതിഷേധക്കാരുമായി ചർച്ച
cancel

ഇസ്‍ലാമാബാദ്: വിലക്കയറ്റം, ഉയർന്ന വൈദ്യുതി ചാർജ്, സാമ്പത്തിക അവഗണന, തർക്കത്തിലുള്ള പ്രാദേശിക തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് നേരെ പാക് അധീന കശ്മീരിൽ നടന്ന മാരകമായ അടിച്ചമർത്തലിന് ശേഷം, പ്രതിഷേധക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്.

സംഘർഷങ്ങൾ ഒഴിവാക്കി പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രദേശത്ത് രണ്ട് മാസത്തിലേറെയായി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന, നിരോധിക്കപ്പെട്ട അവാമി ആക്ഷൻ കമ്മിറ്റിയുമായുള്ള (ജെ.എ.എ.സി) ചർച്ചകൾക്ക് സർക്കാർ തുറന്ന സമീപനം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, അവ മേശക്ക് ചുറ്റും ഇരുന്ന് സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ശഹബാസ് ശരീഫ് പറഞ്ഞു.

പാകിസ്താനെ സംബന്ധിച്ചിടത്തോളം പ്രതിഷേധക്കാരോടുള്ള സമീപനത്തിലെ അസാധാരണമായ മാറ്റമാണിത്. നിലവിലുള്ള തെരഞ്ഞെടുപ്പുകൾക്ക് ശേഷം പാക്കധീന കശ്മീരിൽ സർക്കാർ രൂപവത്കരിക്കാൻ ഒരുങ്ങുന്ന പാകിസ്ഥാൻ മുസ്‍ലിം ലീഗ്-നവാസ് അവാമി ആക്ഷൻ കമ്മിറ്റിയുമായി ചർച്ച നടത്താനുള്ള സന്നദ്ധത അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. പുതിയ സർക്കാരിന്റെ കീഴിലും ചർച്ചാ പ്രക്രിയ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിടെ കുഴപ്പങ്ങളും അരാജകത്വവും പരത്താൻ മുതിരുന്നവരെ അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, സമാധാനപരമായി ആശങ്കകൾ ഉന്നയിക്കാനും ചർച്ചകളിൽ ഏർപ്പെടാനും തയ്യാറുള്ളവരോട് സർക്കാർ വ്യത്യസ്തമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രക്ഷോഭങ്ങളെ തുടർന്ന് മാസങ്ങളായി സുരക്ഷാ അടിച്ചമർത്തലുകളും അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. പ്രതിഷേധങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ 80 പേർ കൊല്ലപ്പെട്ടതായാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾ, വ്യാപാരികൾ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള വിവിധ സമൂഹങ്ങളുടെ പിന്തുണ അവാമി ആക്ഷൻ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

ജൂണിലാണ് പ്രാദേശിക ഭരണകൂടം ഈ സംഘടനയെ നിരോധിച്ചത്. പാകധീന കശ്മീർ നിയമസഭയിലെ വിവാദമായ 12 അഭയാർത്ഥി സീറ്റുകൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്. പ്രാദേശിക സർക്കാർ രൂപവത്കരണത്തിൽ സ്വാധീനം ചെലുത്താൻ ഈ സീറ്റുകൾ ഭരണകൂടത്തെ സഹായിക്കുന്നു എന്നാണ് സമിതിയുടെ ആരോപണം.

പ്രക്ഷോഭകരോട് അനുഭാവപൂർവ്വമായ നിലപാടുമായി പ്രധാനമന്ത്രിയുടെ അടുത്ത അനുവാദകനും ഉപദേഷ്ടാവുമായ റാണ സനാഉല്ലയും രംഗത്തെത്തി. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട 99 ശതമാനം ആളുകളും ‘രാജ്യസ്നേഹികളാണെന്ന്’അദ്ദേഹം വിശേഷിപ്പിച്ചു.

‘രണ്ട് മൂന്നിൽ ഭൂരിപക്ഷത്തോടെ പി.എം.എൽ-എൻ സർക്കാർ രൂപവത്കരിക്കുമ്പോൾ, അവർ (ജോയിന്റ് അവാമി) ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തും. ഈ പ്രശ്നം പരിഹരിക്കുകയായിരിക്കും അവരുടെ ആദ്യത്തെ കർമ്മപദ്ധതി’ സനാഉല്ല ശനിയാഴ്ച നടന്ന ഒരു റാലിയിൽ വ്യക്തമാക്കി.

പ്രക്ഷോഭകർക്കിടയിൽ തെഹ്‍രീകെ താലിബാൻ പാകിസ്ഥാൻ അംഗങ്ങളുണ്ടെന്നായിരുന്നു പാക് അധികാരികളുടെ മുൻ വാദം. കടുത്ത നടപടികളെ ന്യായീകരിക്കാൻ ഈ ആരോപണമാണ് ഉപയോഗിച്ചിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പാക്കധീന കശ്മീരിൽ മനംമാറ്റവുമായി ഷഹബാസ് ശരീഫ്
Next Story