കൈകോർത്ത് ഇന്ത്യ, ചൈന, റഷ്യ; തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ഷാങ്ഹായ് ഉച്ചകോടി
text_fieldsഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി സംഭാഷണത്തിൽ
ടിയാൻജിൻ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും തീവ്രവാദവിരുദ്ധ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രഖ്യാപിച്ചും ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരടക്കം രാഷ്ട്രത്തലവൻമാർ പങ്കെടുത്ത ദ്വിദിന ഉച്ചകോടിക്ക് സമാപനം കുറിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരെ ശക്തമായി പോരാടുമെന്ന പ്രഖ്യാപനം. ഗസ്സയിൽ സിവിലിയൻ കൂട്ടക്കുരുതിക്കിടയാക്കുകയും വൻമാനുഷികദുരന്തം തീർക്കുകയും ചെയ്യുന്ന ഇസ്രായേൽ സൈനിക ആക്രമണത്തെ ഉച്ചകോടി അപലപിച്ചു. പാകിസ്താനിലെ ഖുസ്ദാർ, ജാഫർ എക്സ്പ്രസ് ഭീകരാക്രമണങ്ങളെയും അപലപിച്ചിട്ടുണ്ട്.
ഉച്ചകോടിക്കിടെയും ശേഷവും പ്രധാനമന്ത്രി മോദിയും വ്ലാദിമിർ പുടിനും സുപ്രധാന ചർച്ചകൾ നടത്തി. ഏറ്റവും കടുത്ത സാഹചര്യങ്ങളിലും തോളോടുതോൾ ചേർന്നുനിന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. യു.എസുമായി ബന്ധം വഷളാകുന്നതിനിടെ ഉഭയകക്ഷി തലത്തിലും മേഖലയിലും പുതിയ സഹകരണം ശക്തിപ്പെടുന്നതിന്റെ സൂചന നൽകിയായിരുന്നു ചർച്ചകൾ. വ്യാപാരം, ബഹിരാകാശം, സുരക്ഷ, വളം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇരു നേതാക്കളും അറിയിച്ചു.
യുക്രെയ്നിൽ തുടരുന്ന സംഘർഷം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാൻ നടക്കുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ഇന്ത്യ പുടിനുമായി പങ്കുവെച്ചു.
യു.എസ് അടിച്ചേൽപിച്ച അധിക തീരുവയെക്കുറിച്ച് ഔദ്യോഗിക പ്രതികരണമില്ലെങ്കിലും കാറിലെ യാത്രക്കിടെ ഇരുവരും ചർച്ച നടത്തിയതായാണ് സൂചന. റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം തീരുവയടക്കം ഇന്ത്യക്കുമേൽ 50 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയത്.
കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ വ്യാപാര, നിഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യു.എസ് ഉയർത്തുന്ന ആഗോള ഭീഷണിക്കെതിരെ കൂടുതൽ കരുത്തോടെ നിൽക്കുമെന്ന വിളംബരമാണ് ഷാങ്ഹായ് ഉച്ചകോടി.
20ൽ ഏറെ രാജ്യങ്ങളുടെ തലവന്മാരാണ് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കെത്തിയത്. ചൈന, റഷ്യ എന്നിവക്കൊപ്പം ഇറാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, ബെലറൂസ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിക്കെത്തി.
സമഗ്രാധിപത്യത്തിനും അധികാര രാഷ്ട്രീയത്തിനുമെതിരെ നിലപാട് സ്വീകരിക്കണമെന്നും എല്ലാവരെയും ഉൾക്കൊള്ളാനാകണമെന്നും ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. ലോക ഭരണനിർവഹണം പുതിയ വഴിത്തിരിവിലാണെന്നും ഷി ജിൻപിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

