ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി 15 മുതൽ
text_fieldsസമർകന്ദ് (ഉസ്ബകിസ്താൻ): ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും.
എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താൻ പ്രസിഡന്റ് ശൗകത് മിർസ്വോയവ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, കസാഖ്സ്താൻ പ്രസിഡന്റ് കാസിം ടൊകായേവ്, കിർഗിസ്താൻ പ്രസിഡന്റ് സാദിർ ജപാറോവ്, തജികിസ്താൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ എന്നിവർ സംബന്ധിക്കും.
പുറമെ പ്രത്യേക ക്ഷണിതാക്കളായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയ പ്രധാനമന്ത്രി നികോൽ പഷിൻയാൻ, തുർക്മെനിസ്താൻ പ്രസിഡന്റ് സെർദർ ബെർദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയൻ പ്രസിഡന്റ് ഉക്നാഗിൻ ഖുറെൽസുഖ് എന്നിവരും സംബന്ധിക്കും.
ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉൾക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ യോഗം ചേർന്ന് പുതിയ കൂട്ടായ്മ രൂപവത്കരിക്കുകയും 2017 ജൂണിൽ ഇന്ത്യയെയും പാകിസ്താനെയും കൂടി ഉൾപ്പെടുത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

