ഏകീകൃത തീവ്രവാദ പട്ടികയുണ്ടാക്കാൻ ഷാങ്ഹായ് കൂട്ടായ്മ
text_fieldsസമർഖന്ദ്: ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സമാപിച്ചപ്പോൾ അംഗരാഷ്ട്രങ്ങൾ പൊതുവായി തീവ്രവാദ സംഘടനകളുടെ പട്ടികയുണ്ടാക്കാൻ നീക്കം. വിവിധ രാജ്യങ്ങൾ വ്യത്യസ്ത സംഘടനകളെയും വ്യക്തികളെയുമാണ് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് സമന്വയിപ്പിച്ച് ഏകീകൃത പട്ടികയുണ്ടാക്കാനാണ് പദ്ധതി. ഉസ്ബകിസ്താനിലെ സമർഖന്ദിൽ സമാപിച്ച ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപനം ഇതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തീവ്രവാദത്തിലും വിഭാഗീയതയിലും സുരക്ഷ ഭീഷണിയിലും ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചു. തീവ്രവാദ സംഘടനകൾക്ക് സാമ്പത്തികവും സൈനികവുമായി പിന്തുണ ലഭിക്കുന്നത് തടയാൻ ജാഗ്രത പുലർത്തും. യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ വേരൂന്നുന്നത് തടയുമെന്നും ഷാങ്ഹായ് സഹകരണ സംഘടന സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ, ചൈന, റഷ്യ, ഉസ്ബകിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, പാകിസ്താൻ എന്നീ രാഷ്ട്രങ്ങളാണ് ഷാങ്ഹായ് സഹകരണ സംഘടനയിലുള്ളത്. ഈ രാഷ്ട്രങ്ങളുടെ നേതാക്കളും അഫ്ഗാനിസ്താൻ, ബെലറൂസ്, ഇറാൻ, മംഗോളിയ എന്നീ നിരീക്ഷക രാഷ്ട്ര പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി. അസർബൈജാൻ, അർമീനിയ, കംബോഡിയ, നേപ്പാൾ, തുർക്കി, ശ്രീലങ്ക എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. അതിനിടെ യുദ്ധം എത്രയും നേഗം അവസാനിപ്പിക്കാൻ ശ്രമിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.
ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമുള്ള മോദിയുടെ നിർദേശത്തോട് ഉച്ചകോടിക്കിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്ൻ ചർച്ചയോട് പുറം തിരിഞ്ഞുനിൽക്കുന്നതിനാലാണ് യുദ്ധം അവസാനിക്കാത്തതെന്ന് പുടിൻ കൂട്ടിച്ചേർത്തു. 2023 സെപ്റ്റംബർ വരെ ഇന്ത്യയാണ് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

