ശൈഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ഷാക്കിബിന്റെ വീടിന് നേരെ ബോംബ് ആക്രമണം
text_fieldsഷാക്കിബ് അൽ ഹസൻ
മഗുര: ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് താരവും മുൻ അവാമി ലീഗ് എം.പിയുമായ ഷാക്കിബ് അൽ ഹസന്റെ തറവാട്ടു വീടിന് നേരെ ബുധനാഴ്ച രാത്രി പെട്രോൾ ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യയിൽ വെച്ച് രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കൊപ്പം അദ്ദേഹം ഓൺലൈനായി ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
മഗുര നൗണിലെ കേശബ്മോർ പ്രദേശത്തുള്ള ഷാക്കിബ് അൽ ഹസന്റെ വസതിക്ക് നേരെ രാത്രി 8:45 ഓടെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയും തുടർന്ന് വീട് അടിച്ചു തകർക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൽ വെച്ച് ശൈഖ് ഹസീന നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് അക്രമണ സംഭവം ഉണ്ടായത്. അവാമി ലീഗ് നേതാക്കളുടെയും പ്രമുഖരുടെയും വസതികൾ ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് ജനാധിപത്യത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നതാണെന്ന് അവാമി ലീഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് തിരികെ എത്താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും, ജയിലിൽ അടക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താലും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായുള്ള ഈ യാത്രയിൽ നിന്ന് പിന്മാറില്ലെന്നും 78 കാരിയായ ശൈഖ് ഹസീന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിന് വേണ്ടിയല്ല, മറിച്ച് ബംഗ്ലാദേശിനെ വികസനത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലേക്ക് തിരികെ കൊണ്ടുവരാനാണ് താൻ തിരികെ വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് മറ്റൊരു ‘പാകിസ്താൻ’ആയി മാറുകയാണെന്നും ഇത് ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച ഹസീനയുടെ മകനും മുൻ ഐ.സി.ടി ഉപദേശകനുമായ സജീബ് വാസെദ് ജോയ് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ എത്തിയതുമുതൽ ശൈഖ് ഹസീനയെ ഒരു രാഷ്ട്രത്തലവന്റെ പദവിയോടെ കണ്ട് ആദരവും സുരക്ഷയും നൽകുന്നതിന് നരേന്ദ്ര മോദി സർക്കാറിനോട് അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം, ശൈഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സർക്കാർ ഇതിൽ പങ്കാളികളല്ലെന്നും, അത്തരം വേദികളിൽ ഉയരുന്ന അഭിപ്രായങ്ങളെ സർക്കാർ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട 78 കാരിയായ ഹസീന, നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്. വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് 2025ൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഈ വിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

