കൊടും പട്ടിണി; ഗസ്സയിൽ ഏഴ് മരണം കൂടി; ഗസ്സയിലെ കുട്ടികൾ സഞ്ചരിക്കുന്ന മൃതദേഹങ്ങളെന്ന് യു.എൻ
text_fieldsഗസ്സയിലെ പട്ടിണിയുടെ ദൃശ്യം
ഗസ്സ സിറ്റി: ഭക്ഷണം നിഷേധിച്ചും ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവരെ വെടിവെച്ചുകൊന്നും ഇസ്രായേൽ കൊടുംക്രൂരത തുടരുന്ന ഗസ്സയിൽ ഒരു കുഞ്ഞടക്കം ഏഴുപേർ കൂടി പട്ടിണി കിടന്ന് മരിച്ചു. പ്രാദേശിക കായിക താരമായിരുന്ന 17 കാരൻ ആതിഫ് അബൂ ഖാതിറും മരണത്തിന് കീഴടങ്ങിയതായി അൽശിഫ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, ഗസ്സയിൽ പട്ടിണി മരണം 93 കുട്ടികളടക്കം 169 ആയി.
ഗസ്സയിലെ കുട്ടികൾ സഞ്ചരിക്കുന്ന മൃതദേഹങ്ങളാണെന്ന് കഴിഞ്ഞ ദിവസം യു.എൻ അഭയാർഥി ഏജൻസി അധ്യക്ഷൻ ഫിലിപ്പ് ലസാറിനി എക്സിൽ കുറിച്ചിരുന്നു. യു.എൻ ക്ലിനിക്കുകളലെത്തുന്ന കുട്ടികൾ മെലിഞ്ഞൊട്ടി, ശരീരം തളർന്ന്, അപകടകരമാംവിധം മരണമുഖത്താണെന്നും അടിയന്തര ചികിത്സ നൽകാനായില്ലെങ്കിൽ അവരുടെ നാളുകൾ എണ്ണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി കടുത്ത ഉപരോധം ഏർപ്പെടുത്തിയ ഗസ്സയിൽ വിവിധ രാജ്യങ്ങൾ വ്യോമമാർഗം സഹായമെത്തിക്കുന്നത് പോലും ഇസ്രായേൽ പരിമിതപ്പെടുത്തുന്നതാണ് പട്ടിണി മരണം രൂക്ഷമാക്കുന്നത്. വിമാനങ്ങൾ വഴി എത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ താഴെയെത്തുമ്പോൾ പൊട്ടിപ്പോകുന്നത് മൂലം മണലിൽനിന്ന് പെറുക്കിയെടുക്കുന്ന കാഴ്ചയും നടുക്കമുളവാക്കുന്നതാണ്.
ഗസ്സയിൽ അഞ്ചിലൊരു കുഞ്ഞും കൊടുംപട്ടിണിയിലാണെന്നും മാതാപിതാക്കൾക്കും ഭക്ഷണമില്ലാത്തതിനാൽ മുലപ്പാൽ പോലും നൽകാനാകുന്നില്ലെന്നും യു.എൻ ഏജൻസി മേധാവി ലസാറിനി മുന്നറിയിപ്പ് നൽകി. 10 ലക്ഷത്തിലേറെ ഫലസ്തീനികളാണ് പട്ടിണിയുമായി മല്ലിട്ട് കഴിയുന്നത്. ജോർഡൻ, ഈജിപ്ത് അതിർത്തികളിൽ 6000 ട്രക്കുകൾ ഭക്ഷ്യവസ്തുക്കൾ കയറ്റി അനുമതിക്കായി കാത്തുനിൽക്കുന്നുണ്ട്. ഞായറാഴ്ച മാത്രം ഭക്ഷണംകാത്തുനിന്ന 22 പേരടക്കം 44 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

