ഗസ്സയിൽ കടുത്ത ഭക്ഷ്യക്ഷാമം, വിലക്കയറ്റം; ആവശ്യത്തിന് വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ല
text_fieldsതാൽക്കാലിക യുദ്ധ ഇടവേളയെ തുടർന്ന് ഖാൻ യൂനുസിലെ ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ
ഗസ്സ: യുദ്ധത്തിന് താൽക്കാലിക ഇടവേള ലഭിച്ച ആശ്വാസത്തിനിടയിലും ഗസ്സക്കാർക്ക് ഇരുട്ടടിയായി കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും. പ്രതിദിനം 200ഓളം സഹായ ട്രക്കുകൾ ഗസ്സയിലെത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് മതിയാകുന്നില്ല. ഭക്ഷ്യവസ്തുക്കളും തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും വാങ്ങാൻ ചന്തകളിൽ വൻ തിരക്കാണ്.
ഇസ്രായേൽ ആക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട ആയിരങ്ങൾ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവിടെയും ആവശ്യത്തിന് വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. വടക്കൻ ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ലഘുലേഖകൾ വിതറിയപ്പോൾ ഉടുത്തിരുന്ന വസ്ത്രവുമായി വീടുവിട്ടിറങ്ങിയതാണെന്നും മറ്റൊന്നും കൈയിലില്ലെന്നും ദാറുൽ ബലാഇലെ അഭയാർഥി ക്യാമ്പിൽ താമസിക്കുന്ന ഇം അബ്ദുല്ല പറഞ്ഞു. ക്യാമ്പിൽ ഒരുദിവസം ഒരു ക്യാൻ ട്യൂണ മാത്രമാണ് ലഭിച്ചത്. 13 മക്കളടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് എങ്ങനെ തികയുമെന്ന് അവർ ചോദിക്കുന്നു. ചന്തയിൽ പോയി വാങ്ങാമെന്നുവെച്ചാൽ ഉയർന്ന വിലയാണ്. പല ദിവസങ്ങളിലും കടൽക്കരയിൽ പോയിരുന്ന് കരഞ്ഞ് കഴിച്ചുകൂട്ടുകയാണ്. ഇസ്രായേലി ബോംബിങ്ങിൽ മരിച്ചുപോകലായിരുന്നു ഇതിലും ഭേദമെന്ന് ചിലപ്പോൾ വിചാരിക്കും -അവർ പറഞ്ഞു.
ഗസ്സയിലെ ദാരിദ്ര്യനിരക്ക് 53 ശതമാനമായതായി ഫലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ജനസംഖ്യയുടെ 33.7 ശതമാനം കടുത്ത ദാരിദ്ര്യത്തിലാണ്. 64 ശതമാനം പേർക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. തൊഴിലില്ലായ്മ നിരക്ക് 47 ശതമാനമാണ്. ഒക്ടോബർ 22 മുതൽ നവംബർ 12 വരെ 1100 ട്രക്കുകളാണ് ഗസ്സ ചീന്തിലെത്തിയത്. ഇതിൽ 400 എണ്ണത്തിൽ മാത്രമാണ് ഭക്ഷ്യവസ്തുക്കളുണ്ടായിരുന്നത്. ഇത് 10 ശതമാനം പേർക്കുപോലും തികയില്ല. ഒക്ടോബർ ഏഴിന് പ്രതിദിനം 500 ട്രക്കുകളാണ് സഹായവസ്തുക്കളുമായി ഗസ്സയിലെത്തിയിരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവർക്കും ആവശ്യത്തിന് സഹായമെത്തിക്കാൻ 1000-1500 ട്രക്കുകൾ വരെ വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

