പാകിസ്താനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് പേർ മരിച്ചതായി റിപ്പോർട്ട്
text_fieldsശക്തമായ കാറ്റിൽ തകർന്നുവീണ ടവർ
കറാച്ചി: പാകിസ്താന്റെ മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് പാകിസ്താനിൽ സംഭവിച്ചത്.
പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാകിസ്താൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാജ്യത്തുടനീളമുണ്ടായ കൊടുങ്കാറ്റിൽ 14 പേർ മരിക്കുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത അതോറിറ്റിയുടെ കണക്കനുസരിച്ച് ശനിയാഴ്ചവരെ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
പാക് അധീന പഞ്ചാബിന്റെ ചില പ്രദേശങ്ങളിൽ ഏപ്രിൽ മാസത്തിലെ താപനില 46.5 സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോർഡ് താപനിലയാണെന്ന് പാക് കാലാവസ്ഥ കേന്ദ്രം പറഞ്ഞു. പഞ്ചാബിലെയും തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യകളിലെയും സ്കൂളുകൾ ചൂട് കാരണം വേനൽക്കാല അവധിക്കായി നേരത്തെ അടച്ചിരുന്നു. സാധാരണയായി ജൂൺ ആദ്യം വേനൽക്കാലം ആരംഭിക്കുന്ന പാക്കിസ്താനിൽ ഏപ്രിൽ, മേയ് മാസങ്ങളിലും താപനില കുതിച്ചുയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

