ഫലസ്തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ വെടിവെപ്പ്; വെസ്റ്റ് ബാങ്കിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
text_fieldsറാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ബെത്‌ലഹേം സർവകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുൽ അസീസ് അബു ഹൈക്കലിന്റെ മകൻ സാം ഫഹദ് അബു ഹൈക്കൽ ആണ് മരിച്ചത്. വെടിവെപ്പിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോൺ നഗരത്തിന് തെക്കുള്ള ടെൽ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഹെബ്രോണിലുള്ള കുഞ്ഞിന്റെ മുത്തശ്ശിയെ സന്ദർശിക്കാൻ ബെത്‌ലഹേമിൽനിന്ന് വാഹനത്തിൽ വരികയായിരുന്നു കുടുംബം. ടെൽ റുമൈദ മേഖലയിൽ ഇസ്രായേൽ സൈനിക വാഹനങ്ങൾ കണ്ടതിനെത്തുടർന്ന് ഇവർ കാർ നിർത്തിയിരുന്നു. എന്നാൽ, സൈനികർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു. മാതാവിന്റെ ശരീര തുളച്ചുകയറിയ അതേ വെടിയുണ്ട തന്നെയാണ് കുഞ്ഞിന്റെ മുഖത്തും തലയിലും പതിച്ചതെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാഫ' റിപ്പോർട്ട് ചെയ്തു. ദാരുണമായി പരിക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. തങ്ങളുടെ നേരെ വേഗത്തിൽ പാഞ്ഞടുത്ത വാഹനത്തിന് നേരെയാണ് വെടിവെച്ചതെന്നാണ് സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ന്യായീകരണം.
വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ അക്രമം നടത്തുന്ന സൈനികർക്കെതിരെ ഇസ്രായേൽ അധികൃതർ നടപടിയെടുക്കാറില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 2016-2024 കാലയളവിൽ സൈന്യത്തിനെതിരെ ഉയർന്ന 2,427 പരാതികളിൽ ഒരു ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടതെന്ന് ഇസ്രായേലി അവകാശ ഗ്രൂപ്പായ 'യേഷ് ദിൻ' വ്യക്തമാക്കുന്നു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തോടൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം ക്രൂരമായ അടിച്ചമർത്തലുകളും സൈനിക നീക്കങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ഇതുവരെ 72,900ൽ അധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ചിലും വടക്കൻ വെസ്റ്റ് ബാങ്കിൽ കുടുംബം സഞ്ചരിച്ച കാറിനുനേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. 1967ൽ ജോർഡനിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി നിലവിൽ ഏഴ് ലക്ഷത്തിലധികം ഇസ്രായേലി കുടിയേറ്റക്കാരാണ് അനധികൃതമായി താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

