കുപ്രസിദ്ധ വിമാന റാഞ്ചൽ കേസിലെ ഹിസ്ബുല്ല അംഗം അത്വ അന്തരിച്ചു
text_fieldsബൈറൂത്: 1985ലെ വിമാനറാഞ്ചൽ കേസിൽ എഫ്.ബി.ഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുതിർന്ന ഹിസ്ബുല്ല അംഗം അത്വ അന്തരിച്ചു. അർബുദബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. അസുഖം മൂലം ആരോഗ്യനില വഷളായതിനു പിന്നാലെയാണ് അന്ത്യമെന്ന് ഹിസ്ബുല്ല അറിയിച്ചു.
2001ലാണ് പിടികിട്ടാപ്പുള്ളികളായ 10 പേരുടെ പട്ടികയിൽ അത്വയെ എഫ്.ബി.ഐ ഉൾപ്പെടുത്തിയത്. റാഞ്ചലിനിടെ വിമാനത്തിലുണ്ടായിരുന്ന യു.എസ് നാവിക വിദഗ്ധൻ കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേൽ ജയിലിലെ ലെബനീസ്,ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അത്വയുൾപ്പെടെയുള്ള മൂന്നംഗസംഘം വിമാനം റാഞ്ചിയത്. അത്വയെ കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 50 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. റാഞ്ചിയ വിമാനത്തിൽ 153 യാത്രക്കാരും ജീവനക്കാരുമാണുണ്ടായിരുന്നത്. ഇതിൽ 85 പേർ അമേരിക്കക്കാരായിരുന്നു. ഇവരെ ബന്ദിയാക്കിയായിരുന്നു വിലപേശൽ.

