യു.എസിന് ആശ്വാസം; അടച്ചുപൂട്ടൽ തീർക്കാൻ കരാറിലെത്തിയെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: 40 ദിവസമായി തുടരുന്ന അടച്ചപൂട്ടൽ അവസാനിപ്പിക്കാൻ യു.എസിൽ ഡെമോക്രാറ്റിക്, റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ കരാറിലെത്തിയതായി റിപ്പോർട്ട്. ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിന് പകരമായി ആരോഗ്യപദ്ധതിയിൽ ചില ഇളവുകൾ നൽകാമെന്ന് ഉറപ്പ് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉണ്ടായെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ എട്ട് സെനറ്റംഗങ്ങൾ ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതിൽ മൂന്ന് മുൻ ഗവർണർമാരും ഉൾപ്പെടുന്നു. സെൻസ് ജെന്നെ ഷാഹീൻ, അൻഗുസ് കിങ്, മാഗി ഹാസൻ എന്നിവരാണ് ഷട്ട്ഡൗൺ തീർക്കാൻ വോട്ട് ചെയ്യുന്ന ഡെമോക്രാറ്റിക് ഗവർണർമാർ.
ഏഴ് ലക്ഷത്തോളം പേർക്ക് തൊഴിൽനഷ്ടം; സർക്കാർ സേവനങ്ങൾ മുടങ്ങി, തൊഴിലില്ലായ്മ റെക്കോഡിൽ, യു.എസിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധി
വാഷിങ്ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടൽ നേരിടുന്ന യു.എസ് അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഒക്ടോബർ ഒന്നിന് തുടങ്ങിയ അടച്ചിടൽ 38ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ഷട്ട്ഡൗൺ മൂലം ഏഴ് ലക്ഷം പേരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. 670,000 പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അവശ്യസേവനങ്ങൾ പോലും ലഭ്യമാകുന്നില്ല.
ഷട്ട്ഡൗണിൽ ജീവനക്കാരുടെ കുറവ് മൂലം വെള്ളിയാഴ്ച മാത്രം ആയിരക്കണക്കിന് വിമാനസർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ ഇതുമൂലം വൈകുകയും ചെയ്തിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങൾ ഷട്ട്ഡൗൺ മൂലം താളംതെറ്റിയിരിക്കുകയാണ്. ഇതിന് പുറേമ പാവപ്പെട്ട കുടുംബങ്ങൾക്കായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം യു.എസിൽ താളംതെറ്റിയിരിക്കുകയാണ്. നേരത്തെ യു.എസ് കോടതി ഷട്ട്ഡൗണാണെങ്കിലും പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യവിതരണം കാര്യക്ഷമമായി നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ പദ്ധതി നിലച്ചമട്ടാണ്.
നാല് കോടി പേരാണ് സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി മുടങ്ങിയതോടെ ഇവർ വലിയ പ്രതിസന്ധിയേയാണ് അഭിമുഖികരിക്കുന്നത്. ഇത് ഗുണഭോക്താക്കളെ മാത്രമല്ല പദ്ധതിക്കായി സാധനങ്ങൾ സ്റ്റോർ ചെയ്ത വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര റീടെയിൽ ചെയിനുകളേയും ബാധിച്ചിട്ടുണ്ട്.
ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതോടെ ഇവരുടെ വായ്പ തിരിച്ചടവ് അടക്കം മുടങ്ങുമെന്ന ആശങ്ക ബാങ്കുകൾക്കുണ്ട്. ഇതിനൊപ്പം തൊഴിലില്ലായ്മയിൽ വൻ വർധനയാണ് യു.എസിൽ രേഖപ്പെടുത്തുന്നത്. 4.6 ശതമാനമുണ്ടായിരുന്ന ശരാശരിതൊഴിലില്ലായ്മ ആറ് ശതമാനത്തിലേക്കാണ് കുതിച്ചെത്തിയിരിക്കുന്നത്. ട്രംപിന്റെ പിടിവാശിയാണ് ഷട്ട്ഡൗൺ തുടരാനുള്ള കാരണമെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്. എന്നാൽ, ഷട്ട്ഡൗൺ തീർക്കാൻ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

