‘ഇറാനിലെ നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കൂ...’; ആഹ്വാനവുമായി റിസ പഹ്‍ലവി; പ്രക്ഷോഭം കനക്കുന്നു, തെരുവുകൾ അശാന്തം
text_fieldsതെഹ്റാൻ: രണ്ടാഴ്ച പൂർത്തിയായ ഭരണകൂട വിരുദ്ധ പ്രക്ഷോഭം കൂടുതൽ കനക്കുന്നതിനിടെ ഇറാനിൽ നഗരങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത് പ്രവാസത്തിൽ കഴിയുന്ന മുൻ ഭരണാധികാരി മുഹമ്മദ് റിസ ഷാ പഹ്‍ലവിയുടെ മകൻ റിസ പഹ്‍ലവി. പ്രതിഷേധക്കാരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പരമോന്നത നേതാവ് അലി ഖാംനഈ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെരുവുകൾ അശാന്തമായി തുടരുകയാണ്.
മൂന്നു വർഷത്തിനിടെ ഏറ്റവും ശക്തമായ പ്രക്ഷോഭത്തിനാണ് വെള്ളിയാഴ്ച രാജ്യത്തെ തെരുവുകൾ സാക്ഷിയായത്. തെഹ്റാന് പുറമെ കിഴക്കൻ മേഖലയിലെ മശ്ഹദ്, തബ്രിസ് എന്നിവിടങ്ങളിലും ഉത്തര ഇറാനിലെ വിശുദ്ധ നഗരമായി കണക്കാക്കുന്ന ഖുമ്മിലുമടക്കം പ്രതിഷേധം ശക്തമാണ്. 64 പേർ ദിവസങ്ങൾക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. 14 സുരക്ഷ ഉദ്യോഗസ്ഥരും 48 പ്രതിഷേധക്കാരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 2,270 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഷേധക്കാർക്ക് പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ നേതാവ് നാടുവിടാൻ ഒരുങ്ങുകയാണെന്നും പ്രതിഷേധക്കാരെ വെടിവെച്ചാൽ തിരിച്ച് അമേരിക്കയും വെടിവെക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രതിഷേധക്കാരെ നേരിടുന്നതിൽ സംയമനം പാലിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമനി, യു.കെ എന്നിവയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കി നഗരങ്ങൾ പിടിച്ചെടുക്കാൻ റിസ പഹ്‍ലവി ആഹ്വാനം ചെയ്തതിന് പിന്നാലെ വ്യാഴാഴ്ച ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് ബന്ധം നഷ്ടമായതോടെ വാർത്തകൾ പുറംലോകത്തെത്തുന്നില്ലെന്ന അഭ്യൂഹം ശക്തമാണ്.
രണ്ടുദിവസമായി തുടരുന്ന വിലക്ക് അധികൃതരുടെ ഭാഗത്തുനിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെക്കാനാണെന്ന് ആംനസ്റ്റി ഇന്റർനാഷനൽ കുറ്റപ്പെടുത്തി. വ്യാഴാഴ്ച പുറത്തുവന്ന വിഡിയോകളിൽ ആയിരങ്ങളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. സർക്കാർ ടെലിവിഷൻ ചാനൽ കെട്ടിടത്തിന് തീവെച്ചവർ 1979ലെ പ്രക്ഷോഭത്തിന് മുമ്പുള്ള ഇറാൻ പതാക ഉയർത്തുകയും ചെയ്തു. ഖാംനഈയുടെ ജന്മനാടായ മശ്ഹദിൽവരെ പഹ്‍ലവിയെ അനുകൂലിച്ച് പ്രകടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഏറ്റവുമൊടുവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

