ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കാണുന്നത് അകലെ ഒരു വീട് കാണുന്നതുപോലെ- സുനിത വില്യംസ്
text_fieldsവാഷിങ്ടൺ: ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കാണുന്നത് അകലെ ഒരു വീട് കാണുന്നതുപോലെയാണെന്ന് ബഹിരാകാശത്തുനിന്ന് മടങ്ങിയെത്തിയ സുനിതവില്യംസ്. ബഹിരാകാശത്തുനിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമാണെന്നും അവർ പറഞ്ഞു.
286 ദിവസത്തിനുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ സുനിതയും ബുച്ച് വില്‍മോറും മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബഹിരാകാശത്തുനിന്ന് കാണുന്ന ഇന്ത്യ എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. ‘ഇന്ത്യ അതിമനോഹരമാണ്. ഹിമാലയത്തിന് മുകളിലൂടെ ഞങ്ങള്‍ പോകുമ്പോഴെല്ലാം ബുച്ച് വില്‍മോറിന് ഇന്ത്യയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞു’. സുനിതാ വില്യംസ് പറഞ്ഞു. അടുത്തുതന്നെ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
‘ബഹിരാകാശ നിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയുടെ ഭൂപ്രകൃതിയിലെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ അത്ഭുതപ്പെടുത്തി. കിഴക്കുനിന്ന് ഗുജറാത്ത്-മുംബൈ ഭാഗത്തേക്ക് എത്തുമ്പോള്‍ തീരത്ത് മത്സ്യബന്ധന ബോട്ടുകളുണ്ടാകും. അത് നമ്മളെ സ്വാഗതം ചെയ്യുന്നതുപോലെയാണ് തോന്നുക. രാത്രികളില്‍ ചെറിയ നഗരങ്ങളില്‍ നിന്നും വലിയ നഗരങ്ങളിലേക്കും തിരിച്ചും ബന്ധിപ്പിച്ചുകിടക്കുന്ന വൈദ്യുതി വിളക്കുകളുടെ അതിമനോഹരമായ ശ്യംഖല കാണാറുണ്ട്. ഇന്ത്യയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഹിമാലയന്‍ മലനിരകളും അതിശയിപ്പിക്കുന്നതാണെന്നും സുനിത പറഞ്ഞു.
ഒരുദിവസം ഇന്ത്യയിലേക്ക് പോകുമെന്നും കഴിയുന്നത്ര ആളുകളുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. സുനിതയുടെ കുടുംബ വേരുകൾ ഗുജറാത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.