ഐക്യരാഷ്ട്രസഭ സാമ്പത്തിക തകർച്ചയിലേക്കെന്ന് സെക്രട്ടറി ജനറൽ
text_fieldsജനീവ: യു.എൻ സാമ്പത്തിക തകർച്ചയിലേക്ക് പോകുകയാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
അംഗരാജ്യങ്ങൾ ഫീസ് അടക്കാത്തതിനാലാണ് ഐക്യരാഷ്ട്രസഭ പ്രതിസന്ധി നേരിടുന്നതെന്നും ഇത് യു.എന്നിന്റെ വിവിധ പദ്ധതികൾക്ക് ഭീഷണിയാവുന്നുണ്ടെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അംഗരാജ്യങ്ങൾക്ക് കത്ത് അയച്ചിട്ടുണ്ട്.
ആസന്നമായ തകർച്ച ഒഴിവാക്കാൻ 193 അംഗരാജ്യങ്ങളും നിർബന്ധിത പേയ്‌മെന്റുകൾ പാലിക്കുകയോ സംഘടനയുടെ സാമ്പത്തിക നിയമങ്ങൾ പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം കത്തിൽ എഴുതി.
ഐക്യ രാഷ്ട്രസഭയുടെ വിവിധ പദ്ധതികൾക്ക് അമേരിക്ക പണം നൽകുന്നത് നിർത്തലാക്കിയതാണ് വലിയ തിരിച്ചടിയായത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്നത് അമേരിക്കയായിരുന്നു. യു.എന്നിന്റെ പതിവ് സമാധാന പരിപാലന ബജറ്റുകളിലേക്ക് സംഭാവന നൽകാൻ വിസമ്മതിച്ച അമേരിക്ക നികുതിദായകരുടെ ഡോളർ പാഴാക്കലിന് തങ്ങൾ ഇല്ലെന്നും പറഞ്ഞു. അമേരിക്കയെ പിന്തുടർന്ന് നിരവധി രാജ്യങ്ങളും ഈ രീതി സ്വീകരിച്ചുവെന്നാണ് മനസിലാകുന്നത്. നിരവധി അംഗങ്ങൾ കുടിശ്ശിക വരുത്തുകയോ പണം നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 31 യു.എൻ എജൻസികളുടെ പ്രവർത്തനങ്ങളിൽനിന്ന് അമേരിക്ക പൂർണമായി വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന ബോർഡ് ഓഫ് പീസ് യു.എന്നിന് ബദലാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇക്കൂട്ടരും പണം ഇനി നൽകണോ എന്ന ആലോചനയിലാണ്.
2025 അവസാനത്തോടെ യു.എൻ ജനറൽ അസംബ്ലി അതിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഭാഗികമായ മാറ്റം അംഗീകരിച്ചെങ്കിലും, സംഘടന ഇപ്പോഴും വലിയൊരു പണ പ്രതിസന്ധി നേരിടുന്നുണ്ട്.
ജനീവയിലെ ആസ്ഥാന പ്രവർത്തനത്തിൽ ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി പ്രതിഫലിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എസ്കലേറ്ററുകളും, ഹീറ്ററുകളും പതിവായി ഓഫാക്കുന്നത് ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ്. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികൾക്ക് പണം നൽകുന്നത് കഴിഞ്ഞ ഒരു വർഷമായി വളരെ കുറഞ്ഞിട്ടുണ്ട്. ആവശ്യമായ തോതിൽ ഏജൻസികൾക്ക് മുമ്പും പണം നൽകാൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അതിഗുരുതരമായ രീതിയിലാണ് ഏജൻസികളുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

