ഗസ്സ രണ്ടാംഘട്ട ചർച്ച: വാൻസ് ഇസ്രായേലിൽ; ഗസ്സയിൽ 24 മണിക്കൂറിനിടെ 13 പേർ കൊല്ലപ്പെട്ടു
text_fieldsജെ.ഡി. വാൻസ്
ഗസ്സ സിറ്റി: ഗസ്സ സമാധാന കരാർ നടപ്പാക്കുന്നത് സംബന്ധിച്ച രണ്ടാം ഘട്ട ചർച്ചകൾക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രായേലിൽ. കഴിഞ്ഞ ദിവസമെത്തിയ ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവർ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈജിപ്ഷ്യൻ പ്രതിനിധി സംഘവും നെതന്യാഹുവിനെ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഖലീൽ ഹയ്യയുടെ നേതൃത്വത്തിൽ ഹമാസ് നേതൃത്വവുമായി ചർച്ചകൾ ഈജിപ്തിലും പുരോഗമിക്കുകയാണ്.
വെടിനിർത്തൽ, ബന്ദി കൈമാറ്റം, ഇസ്രായേൽ സേനയുടെ ഭാഗികപിന്മാറ്റം, സഹായ ട്രക്കുകൾക്ക് തടസ്സം നീക്കൽ എന്നിവയായിരുന്നു ഒന്നാംഘട്ട കരാറിൽ നടപ്പാക്കേണ്ടത്. ഇസ്രായേൽ സേന ഭാഗികമായി പിന്മാറിയെങ്കിലും പകുതിയിലേറെ പ്രദേശങ്ങൾ ഇപ്പോഴും നേരിട്ടുള്ള സൈനിക നിയന്ത്രണത്തിലാണ്. കൂടുതൽ ഭാഗങ്ങളിൽ ഫലസ്തീനികളെ തടഞ്ഞ് തിങ്കളാഴ്ച ഇസ്രായേൽ സേന ഉത്തരവിറക്കിയിട്ടുണ്ട്.
ഗസ്സയിലേക്ക് സഹായം നിരുപാധികം കടത്തിവിടണമെന്നാണെങ്കിലും റഫ അതിർത്തി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ജീവനോടെയുള്ള 20 ബന്ദികളെയും 13 മൃതദേഹങ്ങളും ഹമാസ് വിട്ടു നൽകിയിട്ടുണ്ട്. 15 മൃതദേഹങ്ങളിൽ കണ്ടെത്തിയ രണ്ടെണ്ണം കൂടി ചൊവ്വാഴ്ച നൽകുമെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചിരുന്നു. അവശേഷിച്ചവർക്കായി അന്താരാഷ്ട്ര സംഘം തിരച്ചിലിന് നേതൃത്വം നൽകിയേക്കും. 2,000ത്തോളം ഫലസ്തീനികളെയും 165 മൃതദേഹങ്ങളും ഇസ്രായേൽ വിട്ടുനൽകിയിട്ടുണ്ട്.
ഹമാസിനുപകരം ഗസ്സയിൽ ആര് ഭരിക്കുമെന്നതാകും രണ്ടാംഘട്ട ചർച്ചയിലെ പ്രധാന വിഷയം. നിരുപാധികം സഹായം അനുവദിക്കുന്നതടക്കം വിഷയങ്ങളും പരിഗണിക്കും. അതേ സമയം, തിരക്കിട്ട നയതന്ത്ര നീക്കങ്ങൾക്കിടെയും ഗസ്സയിൽ ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 13 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിലെത്തിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

