രണ്ടാം ഇറാൻ കപ്പൽ ലങ്കൻ നിയന്ത്രണത്തിൽ
text_fieldsശ്രീലങ്ക കസ്റ്റഡിയിലെടുത്ത ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ബൂശഹർ
കൊളംബോ: ഇറാൻ ജലാതിർത്തിയിൽനിന്ന് 3,000 കിലോമീറ്റർ അകലെ ശ്രീലങ്കൻ കടലിൽ ഇറാൻ യുദ്ധക്കപ്പൽ യു.എസ് മുക്കിയ പശ്ചാത്തലത്തിൽ ഇതുവഴി മടങ്ങുകയായിരുന്ന രണ്ടാം കപ്പൽ ശ്രീലങ്ക ഏറ്റെടുത്തു. കപ്പൽ ശ്രീലങ്കയോട് സഹായം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തിന്റെ ജലാതിർത്തിക്കുപുറത്ത് നങ്കൂരമിട്ട ഐറിസ് ബൂഷഹറിലെ ജീവനക്കാരെ കൊളംബോയിലെത്തിച്ചത്. 204 നാവികരെ ഇതിനകം വെലിസാറ നാവിക താവളത്തിലേക്ക് മാറ്റിയെന്നും കപ്പലിന്റെ സുരക്ഷക്കായി 15 പേർ കപ്പലിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
കപ്പലിൽ ഇവർക്കൊപ്പം ശ്രീലങ്കൻ നാവികസേനയും നിലയുറപ്പിച്ചിട്ടുണ്ട്. പ്രവർത്തന നിർദേശങ്ങൾ, മാന്വലുകൾ, ലോഗുകൾ എന്നിവയെല്ലാം പേർഷ്യൻ ഭാഷയിലായതിനാൽ അവ അറിയുന്നവരെന്ന നിലക്കാണ് കുറച്ച് ഇറാൻ നാവികരെ നിലനിർത്തിയത്. കപ്പൽ പൂർണമായി ശ്രീലങ്കൻ നാവിക സേനയുടെ നിയന്ത്രണത്തിലാകുമെന്ന് അധികൃതർ അറിയിച്ചു. കപ്പൽ കിഴക്കൻ ലങ്കയിലെ ട്രിങ്കോമാലി തുറമുഖത്തേക്ക് മാറ്റും. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ഉപയോഗിച്ച് യുദ്ധക്കപ്പൽ തകർക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിച്ച നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഐറിസ് ദേന.
നാവികാഭ്യാസത്തിൽ 74 രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ബുധനാഴ്ച പുലർച്ച 5.08നാണ് രക്ഷാസന്ദേശം ശ്രീലങ്കൻ തീരദേശ സേനയെ തേടിയെത്തുന്നത്. കപ്പൽ സ്ഥലത്തെത്തിയപ്പോഴേക്ക് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയിരുന്നു. ഇതിനകം 87 പേരുടെ മൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്. 32 പേരെ രക്ഷപ്പെടുത്തി. 140 പേരെ കയറ്റാവുന്ന കപ്പലിൽ 130 പേരുണ്ടായിരുന്നതായി ഇറാൻ അറിയിച്ചു. 10ലേറെ പേരെ കുറിച്ച് വിവരങ്ങളില്ല. രക്ഷാബോട്ടുകളിൽ കയറിയവരെ ശ്രീലങ്കൻ തീരത്തെ ഗാലി ദേശീയ ആശുപത്രിയിലെത്തിച്ചു. ഇവരിലേറെ പേരുടെയും നില ഗുരുതരമായി തുടരുകയാണ്. കപ്പലിൽ സ്ഫോടനം നടന്നതായി രക്ഷപ്പെട്ട നാവികരാണ് അറിയിച്ചത്. ശ്രീലങ്കയുടെ ദക്ഷിണ തീരത്തുനിന്ന് 81 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം. മാർക് 48 ടോർപിഡോ യുദ്ധക്കപ്പലിന്റെ അമരത്താണ് ആക്രമണം നടത്തിയത്.
രണ്ടാം കപ്പലായ ഐറിസ് ബൂഷഹറിന്റെ എഞ്ചിനുകളിലൊന്നിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് ഇറാൻ അധികൃതരുമായി കൂടിയാലോചിച്ചാണ് കപ്പൽ ഏറ്റെടുത്തതെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പറഞ്ഞു. ‘‘ഇത് സാധാരണ സാഹചര്യമല്ലെന്ന് മനസ്സിലാക്കണം. ഒരു കക്ഷിയുടെ കപ്പൽ നമ്മുടെ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി തേടിയിരിക്കുകയാണ്. രാജ്യാന്തര കരാറുകളും ഉടമ്പടികളും പാലിച്ച് അത് നാം പരിഗണിച്ചേ പറ്റൂ’’- അദ്ദേഹം വ്യക്തമാക്കി.
‘ഐറിസ് ദേന’: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ
ന്യൂഡൽഹി: മാർച്ച് നാലിന് ശ്രീലങ്കൻ കടലിൽ അമേരിക്ക ടോർപിഡോ ആക്രമണത്തിലൂടെ ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന മുക്കിയ സംഭവത്തിൽ ഇന്ത്യയുടെ പങ്ക് ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് സർക്കാർ. യു.എസ് നാവിക സേനക്ക് കപ്പലിനെ കുറിച്ച രഹസ്യവിവരങ്ങൾ നൽകിയത് ഇന്ത്യയാണെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അറിയിച്ചു. ഇന്ത്യയും യു.എസും തമ്മിലെ പ്രതിരോധ കരാറുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഇത്തരം തന്ത്രപ്രധാന വിഷയങ്ങളിൽ സംശയമുണ്ടാക്കുന്ന റിപ്പോർട്ടുകൾ നൽകരുതെന്നും നിർദേശിച്ചു.
ഇന്ത്യക്ക് ഇറാൻ സാംസ്കാരിക പങ്കാളിയാണെന്നും അമേരിക്കയും ഇസ്രായേലും തന്ത്രപരമായ പങ്കാളികളാണെന്നും ഇരുകക്ഷികൾക്കുമിടയിലെ സംഘർഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 2016ലാണ് ഇന്ത്യയും യു.എസും തമ്മിൽ കരാറിലൊപ്പുവെച്ചത്. എന്നാൽ, എല്ലാ വിഷയങ്ങളിലും സഹകരണം കരാറിന്റെ ഭാഗമല്ലെന്നും നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ കപ്പലിനെ കുറിച്ച വിവരങ്ങൾ നൽകുന്നത് കരാർ ലംഘനമാകുമെന്നുമാണ് വിശദീകരണം.
അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിച്ച നാവികാഭ്യാസം കഴിഞ്ഞ് മടങ്ങിയ, ആയുധങ്ങൾ വഹിക്കാത്ത കപ്പലിനു നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഐറിസ് ദേന നിലവിൽ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ലെന്നും സൗഹൃദപരമായ സന്ദർശനത്തിന്റെ ഭാഗമായതിനാൽ ആയുധങ്ങൾ കയറ്റിയിരുന്നില്ലെനും ഇറാൻ വിദേശകാര്യ ഉപമന്ത്രി സഈദ് ഖത്തീബ്സാദ പറഞ്ഞു. ഇന്ത്യൻ നാവിക സേന സംഘടിപ്പിച്ച ‘മിലൻ’ നാവികാഭ്യാസത്തിൽ പങ്കെടുക്കാനായാണ് കപ്പൽ കഴിഞ്ഞ മാസം എത്തിയിരുന്നത്. 87 നാവികർക്കാണ് അമേരിക്കൻ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

