വനിത ജീവനക്കാരിയുടെ മെനോപോസ് ലക്ഷണങ്ങളെ പരിഹസിച്ച കമ്പനി മേധാവി 37 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സ്കോട്ടിഷ് കോടതി
text_fieldsസ്കോട്‍ലന്റിൽ വനിത ജീവനക്കാരിയുടെ മെനോപസ് ലക്ഷണങ്ങളെ പരിഹസിച്ച കമ്പനി മേധാവി പുലിവാലു പിടിച്ചു. മെനോപോസ് ഒരു അവസരമായി മുതലെടുക്കുകയാണെന്ന പരാമർശത്തിൽ കമ്പനി മേധാവി 37000 പൗണ്ട്(ഏകദേശം 37 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് സ്കോട്‍ലൻഡ് കോടതി വിധിച്ചത്.
1995 മുതൽ വിരമിക്കുന്നത് വരെ കരേൻ ഫർഖുഹർസൺ ടിസ്റ്റിൽ മരീൻ എന്ന എൻജിനീയറിങ് കമ്പനിയിലാണ് ജോലി ചെയ്തത്. ഒരിക്കൽ മെഡിക്കൽ ലീവ് ചോദിച്ചപ്പോഴാണ് മെനോപ്പസ് അവസരമാക്കുകയാണെന്ന് പറഞ്ഞ് കമ്പനി മേധാവി ജിം ക്ലാർക്ക് തള്ളിയത്. തുടർന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അവർ കമ്പനിക്കെതിരെ പരാതി നൽകി. 72കാരനായ ബോസിനെ കാലത്തിനനുസരിച്ച് ചലിക്കാൻ കഴിയാത്ത ദിനോസർ എന്നാണ് അവർ വിശേഷിപ്പിച്ചത്.
27 വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇക്കാലയളവിലെല്ലാം തന്നെ ഒന്നിനും കൊള്ളാത്ത ഒരാളെ പോലെയാണ് കമ്പനി കണക്കാക്കിയതെന്നും 49 കാരിയായ കരേൻ പറഞ്ഞു. ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോൾ അതുപോലും മനസിലാക്കാനുള്ള പക്വത കമ്പനി മേധാവി കാണിച്ചില്ല. പലപ്പോഴും ബധിര കർണനെ പോലെ പെരുമാറി. അസുഖം ബാധിച്ച ജീവനക്കാരെ മഞ്ഞുപാളികൾ എന്നാണ് കളിയാക്കിയിരുന്നത്.-പരാതിക്കാരി പറയുന്നു.
2021 ഏപ്രിലിൽ തനിക്ക് മെനോപ്പസിന്റെ പ്രശ്നങ്ങളുണ്ടെന്ന് കമ്പനി മേധാവിയോട് പറഞ്ഞു. അമിതമായ ഉൽക്കണ്ഠ, ശ്രദ്ധയില്ലായ്മ, ബ്രെയിൻ ഫോഗ് എന്നിവയായിരുന്നു പ്രശ്നം. 2022 ഡിസംബർ രണ്ടുദിവസം വീട്ടിൽനിന്ന് ജോലി ചെയ്തു. കനത്ത മഞ്ഞുവീഴ്ചയുള്ള കാലമായിരുന്നു അത്. കൂടാതെ കടുത്ത ബ്ലീഡിങ്ങും. ഒരു ദിവസം കഴിഞ്ഞപ്പോൾ ഉച്ചക്ക് രണ്ടുമണിയായപ്പോൾ അവർ ഓഫിസിലെത്തി. അവരെ കണ്ടപ്പോൾ ക്ലാർക്ക് വളരെ മോശം രീതിയിലാണ് സംസാരിച്ചത്. എന്നിട്ടും തന്റെ അവസ്ഥ പറഞ്ഞു മനസിലാക്കാൻ കരേൻ ശ്രമിച്ചു. എന്നാൽ എല്ലാവർക്കും വേദനയും അസുഖങ്ങളുമൊക്കെ വരുമെന്നായിരുന്നു അതിന് ക്ലാർക്കിന്റെ മറുപടി. വിചാരണക്കിടെ താൻ തമാശ പറഞ്ഞതാണെന്ന് ക്ലാർക്ക് വാദിച്ചു.