ഇറാനെതിരായ നീക്കത്തിന് സൗദി വ്യോമപാത വിട്ടുനൽകില്ല; നിലപാട് വ്യക്തമാക്കി സൗദി കിരീടാവകാശി
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനിയൻ പ്രസിഡൻറ് മസൂദ് പെഷേഷ്കിയാനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ഇറാന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സൗദി അറേബ്യ പൂർണമായും ബഹുമാനിക്കുന്നതായി സൗദി കിരീടാവകാശി പറഞ്ഞു.
മറ്റൊരു വിദേശശക്തിക്കും ഇറാനെതിരായ ആക്രമണങ്ങൾക്കായി സൗദിയുടെ ആകാശമോ മണ്ണോ വിട്ടുനൽകില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. സമാധാന ശ്രമങ്ങൾക്കാണ് സൗദിയുടെ പിന്തുണ. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകും.
സൗദിക്ക് നന്ദി പറഞ്ഞ് ഇറാൻ പ്രസിഡൻറ്
ഇറാനിലെ നിലവിലെ സാഹചര്യങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതിയും മസൂദ് പെഷേഷ്കിയാൻ സൗദി കിരീടാവകാശിയുമായി പങ്കുവെച്ചു. ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നതിൽ ഉറച്ച നിലപാട് സ്വീകരിച്ച സൗദി ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡൻറ് പ്രശംസിക്കുകയും ചെയ്തു. മധ്യേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഈ ചർച്ച വലിയ പ്രാധാന്യമർഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

