സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ശക്തമായി അപലപിച്ച് ബഹ്‌റൈൻ
text_fieldsമനാമ: ഹുർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും, ഖത്തറിന്റെയും എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. കപ്പലിലെ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കിയ നടപടിയെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെയും ആഗോള ഊർജ്ജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ പ്രമേയത്തിന്റെയും ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെയും ലംഘനമാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയോടും ഖത്തറിനോടും ബഹ്‌റൈൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തങ്ങളുടെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണ നൽകുന്നു. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി, ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു.
ഹുർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങളോ നിയമവിരുദ്ധമായ നികുതിയോ ഏർപ്പെടുത്താതെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം. കടലിടുക്കിനെ സമ്മർദ്ദത്തിനോ സാമ്പത്തിക ഉപരോധത്തിനോ ഉള്ള ആയുധമായി ഉപയോഗിക്കുന്നതിനെ ബഹ്‌റൈൻ എതിർക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കും സമുദ്രനിയമങ്ങൾക്കുമുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനും അനുസൃതമായി കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗോള ഊർജ്ജ സുരക്ഷയ്ക്കും, ഭക്ഷണം, മരുന്ന് എന്നിവയുടെ തടസ്സമില്ലാത്ത വിതരണത്തിനും, അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്കിനും ഈ തത്വങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ബഹ്റൈന് നേരെ വീണ്ടും ആക്രമണ ശ്രമം
മനാമ: ബഹ്റൈന് നേരെ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ. ബുധനാഴ്ച പുലർച്ചെയും രാവിലെയും രാജ്യത്തിന് നേരെ പലതവണയായി ആക്രമണം ശ്രമം നടന്നിരുന്നു. എന്നാൽ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്ന പ്രതിരോധ സേന ആക്രമണ ശ്രമങ്ങളെയെല്ലാം ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കി. കൃത്യസമയത്ത് ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിരുന്നു. സൈറൺ മുഴങ്ങുന്ന സമയത്ത് പുറത്തിറങ്ങുകയോ മറ്റോ ചെയ്യരുതെന്നും നിർദേശമുണ്ട്. ആക്രമണത്തെ തുടർന്ന് നിലത്തു വീഴാൻ സാധ്യതയുള്ള ഡ്രോൺ, മിസൈൽ അവശിഷ്ടങ്ങൾ എടുക്കുകയോ അതിനെ സമീപിക്കുകയോ ചെയ്യരുതെന്നും അധികൃതരുടെ നിർദേശമുണ്ട്.
ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ്, ബഹ്‌റൈന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആസൂത്രിതമായ ഈ നീക്കങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

