സൗദി-സിറിയ ബന്ധം പുനഃസ്ഥാപിക്കാൻ നീക്കം; സംഭാഷണം ആരംഭിച്ചതായി സൗദി ദേശീയ ടെലിവിഷൻ
text_fieldsഡമസ്കസ്: ഇറാൻ -സൗദി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായതിനു പിറകെ പശ്ചിമേഷ്യയിൽനിന്ന് മറ്റൊരു ശുഭവാർത്ത. ദശകത്തിലേറെ നീണ്ട പിണക്കം തീർത്ത് സൗദി -സിറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ നീക്കം നടക്കുന്നതായി സൗദി ദേശീയ ടെലിവിഷൻ സൂചന നൽകി.
സമാധാനമുള്ള പശ്ചിമേഷ്യ സാധ്യമാക്കാൻ രാജ്യങ്ങൾ ഐക്യപ്പെടണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഐക്യത്തിന് മുൻകൈയെടുത്തെന്നാണ് റിപ്പോർട്ട്. സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി കഴിഞ്ഞമാസം സൂചിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലും ആഗോളതലത്തിലും വൻ പ്രതിഫലനം സൃഷ്ടിച്ചേക്കാവുന്ന സുപ്രധാന മാറ്റങ്ങളാണ് സംഭവിക്കുന്നത്. പത്തുവര്‍ഷത്തിലധികമായി സൗദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി സിറിയക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞമാസം സിറിയന്‍ പ്രസിഡന്റ് ബശ്ശാർ അൽ അസദ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം യു.എ.ഇയിലുമെത്തി.
അറബ് രാജ്യങ്ങളുമായി ചേർന്ന് നിലകൊള്ളണമെന്ന് യു.എ.ഇ പ്രസിഡന്റ് ബശ്ശാറിനോട് ആവശ്യപ്പെട്ടിരുന്നു. ബശ്ശാർ ഭരണകൂടത്തിനെതിരെ ജനാധിപത്യ ആവശ്യവുമായി തെരുവിലിറങ്ങിയ സുന്നി വിമതരുടെ പക്ഷത്തായിരുന്നു സൗദി. പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിനെതിരെ സൗദി പ്രതികരിച്ചതോടെ ബന്ധം വഷളായി. 2012ലാണ് സൗദിയിലെ സിറിയൻ അംബാസഡറെ പുറത്താക്കിയത്. കഴിഞ്ഞമാസം സിറിയയിൽ ഭൂകമ്പമുണ്ടായപ്പോൾ സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് സഹായം ഒഴുകി. വിമതർക്ക് സ്വാധീനമുള്ള ഭാഗങ്ങളിലും സർക്കാർ നിയന്ത്രിത പ്രദേശങ്ങളിലും സഹായവസ്തുക്കൾ എത്തി. ഇത് നൽകിയ സൂചനകൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

