സൗദിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു
text_fieldsപാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ഷരീഫും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് ശേഷം
റിയാദ്: സൗദിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ഷരീഫിന്റെ സൗദി സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രിയും ഒപ്പുവെച്ച കരാർ ഇരുരാജ്യങ്ങൾക്കിടയിലുള്ള പ്രതിരോധ സഹകരണത്തിന്റെ വശങ്ങൾ വികസിപ്പിക്കുന്നതിനും ഏതെങ്കിലും ആക്രമണത്തിനെതിരെ പരസ്പര പ്രതിരോധം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. കൂടാതെ രണ്ട് രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു.
റിയാദിലെ അൽയമാമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. സൽമാൻ രാജാവിന് പാകിസ്താൻ പ്രധാനമന്ത്രി തന്റെ ആശംസകൾ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളുടെ ആഴം ഊന്നിപ്പറഞ്ഞു. ചർച്ചക്കിടെ ഇരുപക്ഷവും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു. എട്ട് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന പങ്കാളിത്തത്തിന്റെ വെളിച്ചത്തിൽ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സംയുക്ത പ്രതിരോധ കരാറിനെ ഒരു ചരിത്ര നേട്ടമായിട്ടാണ് സൗദി-പാകിസ്താൻ വൃത്തങ്ങൾ കാണുന്നത്. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി സംയുക്ത പ്രതിരോധത്തിനായുള്ള പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സംയോജനമായി സംയുക്ത പ്രതിരോധ കരാർ കണക്കാക്കപ്പെടുന്നു. ഈ കരാറോടെ സൗദിയും പാകിസ്താനും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൈനിക സഹകരണം കൂടുതൽ ശക്തിപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

