Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കടലിൽ ആധിപത്യം ഉറപ്പിക്കാൻ ഹൂതികൾ; ഇടപെടരുതെന്ന് യു.എസിന് മുന്നറിയിപ്പ്: യമൻ പുകയുന്നു, 76,000 പേർ പലായനം ചെയ്തെന്ന് യു.എൻ

text_fields
bookmark_border
ചെങ്കടലിൽ ആധിപത്യം ഉറപ്പിക്കാൻ ഹൂതികൾ; ഇടപെടരുതെന്ന് യു.എസിന് മുന്നറിയിപ്പ്: യമൻ പുകയുന്നു, 76,000 പേർ പലായനം ചെയ്തെന്ന് യു.എൻ
cancel

സന: ചെങ്കടലിലെ സുപ്രധാന കപ്പൽപാതകളായ ബാബുൽ മന്ദബും ചെങ്കടൽ തീരവും പിടിച്ചെടുക്കാനുള്ള ശ്രമം ഊർജിതമാക്കി യമനിലെ ഹൂതികൾ. തന്ത്രപ്രധാനമായ മയൂൻ ദ്വീപ് പിടിച്ചെടുത്തതായി ഹൂതികൾ അറിയിച്ചു. മിന്നൽ നീക്കത്തിലൂടെ മൂന്ന് തന്ത്രപ്രധാനമായ ദ്വീപുകൾ പിടിച്ചെടുത്ത ഹൂതികൾ യമന്റെ മുഴുവൻ ചെങ്കടൽ തീരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന യു.എസ് നിർമ്മിത സൈനിക ഉപകരണങ്ങളും വിമതരുടെ നിയന്ത്രണത്തിലായിട്ടുണ്ട്. അതേസമയം ചെങ്കടലിലെ സംഘർഷത്തിൽ ഇടപെടരുതെന്ന് ഹൂതികൾ യു.എസിന് മുന്നറിയിപ്പ് നൽകി.

ഹൂതികൾ അമേരിക്കയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും യമന്റെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെതിരെയുള്ള സംഘർഷത്തിൽ ഇടപെടരുതെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. "ഹൂതികൾ ഞങ്ങളെ വിളിച്ചിരുന്നു, അവർ ഞങ്ങളുമായി പോരാടാൻ ആഗ്രഹിക്കുന്നില്ല," എന്ന് ട്രംപ് അയർലൻഡിലെ ഡബ്ലിനിൽ പറഞ്ഞു. ഹൂതികൾക്ക് നേരെ യുഎസ് ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ വിളിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ബിൻ സൽമാനുമായി സംസാരിച്ചുവെന്നത് സ്ഥിരീകരിച്ച ട്രംപ്, ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു.

ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബുൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ അനുകൂല ഹൂതികളുടെ കയ്യിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ചെങ്കടൽ തീരത്ത് പുതിയ യുദ്ധമുഖം തുറന്നതിന് പിന്നാലെ യമൻ പൗരന്മാർ കൂട്ടമായി അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഹൂതികളും അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള സർക്കാർ സേനയും തമ്മിൽ സംഘർഷം ആരംഭിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ മുതൽ 76,000 പേർ യമനിൽ നിന്ന് പലായനം ചെയ്തെന്നാണ് യു.എൻ റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസമായി ഇവിടെ സംഘർഷം രൂക്ഷമാണെന്നും ഇക്കാലയളവിൽ 46,000 പേർ പലായനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായാണ് ഹൂതികൾ മുന്നേറ്റം നടത്തിയത്. തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരം ഹൂതികൾ പിടിച്ചെടുത്തതിന് പിന്നാലെ ദുബാബ് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലേക്കും അവർ നീങ്ങുകയുണ്ടായി. തുടർന്ന് ബാബുൽ മന്ദബിന്റെ മധ്യഭാഗത്തുള്ള പെരിം ദ്വീപിലേക്കും ഹൂതി പോരാളികൾ എത്തിച്ചേരുകയായിരുന്നെന്നാണ് റിപ്പോർട്ട്. ബാബുൽ മന്ദബ് കടലിടുക്കിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപിന് വലിയ തന്ത്രപ്രധാന്യമുണ്ട്. കടലിടുക്കിനെ രണ്ട് പ്രധാന കപ്പൽപ്പാതകളായി വിഭജിക്കുന്ന ഈ ദ്വീപിന്റെ നിയന്ത്രണം കടൽഗതാഗതത്തിന് നിർണായക സ്വാധീനം നൽകും. യെമൻ സർക്കാർ സേന ദ്വീപിൽനിന്ന് പിന്മാറിയതിനു പിന്നാലെയാണ് ഹൂതികൾ അവിടെ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ യമനിലേത് കേവലം പ്രാദേശിക സംഘർഷം മാത്രമായി കണക്കാക്കാനാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. ഏഷ്യയും യൂറോപ്പും തമ്മിലുള്ള സമുദ്രവ്യാപാരത്തിന്റെ പ്രധാന കപ്പൽ പാതകളിലൊന്നായ ചെങ്കടൽ-സൂയസ് കനാൽ റൂട്ടിന് നേരിട്ടുള്ള ഭീഷണിയാണിത്. ഇതിനകം തന്നെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണ വിപണിയെ സമ്മർദത്തിലാക്കിയിരിക്കെയാണ് ബാബുൽ മന്ദബിലും അനിശ്ചിതത്വം ശക്തമാകുന്നത്.

ബാബുൽ മന്ദബ് എന്താണ്?

അറബിയിൽ 'കണ്ണീരിന്റെ കവാടം' എന്നർഥമുള്ള ബാബുൽ മന്ദബ്, യമനും ആഫ്രിക്കൻ തീരത്തെ ജിബൂട്ടി- എറിത്രിയ പ്രദേശങ്ങൾക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തെക്ക് ഏദൻ ഉൾക്കടലിനെയും വടക്ക് ചെങ്കടലിനെയും ബന്ധിപ്പിക്കുന്നു. ചെങ്കടലിലൂടെ കപ്പലുകൾ പിന്നീട് ഈജിപ്തിലെ സൂയസ് കനാലിലെത്തുന്നു. അതുവഴിയാണ് ഏഷ്യയിൽനിന്നും യൂറോപ്പിലേക്കുള്ള വലിയൊരു ഭാഗം ചരക്കുഗതാഗതം നടക്കുന്നത്. അതുകൊണ്ടുതന്നെ ബാബുൽ മന്ദബിൽ ദീർഘകാല തടസ്സം ഉണ്ടാകുന്നത് ഏഷ്യ- യൂറോപ്പ് വ്യാപാരപാതയെ തന്നെ സാരമായി ബാധിക്കും. ഹുർമുസ് കടലിടുക്ക് ഉപരോധിച്ചതോടെ സൗദി അറേബ്യൻ എണ്ണ കയറ്റുമതിയുടെ പ്രധാന പാതയായിരുന്നു ബാബുൽ മന്ദബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia and Houthis trade strikes over Bab al-Mandeb
Next Story