Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപരോധം അനന്തമായി നീളും; ഒരുങ്ങാൻ ഇറാനോട് യു.എസ്

text_fields
bookmark_border
Strait of Hormuz
cancel

വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച നിർദേശങ്ങൾ തള്ളിയെങ്കിലും അവർ പുതിയ കരാറിൽ ഒപ്പുവെക്കണമെന്നും അല്ലാത്ത പക്ഷം ഉപരോധം അനന്തമായി നീളുമെന്നും മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തുറമുഖങ്ങൾക്കുമേൽ ദീർഘകാല ഉപരോധത്തിന് തയാറെടുക്കാൻ യു.എസ് ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമമായ വാൾ സ്‍ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

വീണ്ടും ബോംബിങ് നടത്തുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ഉപരോധം നീട്ടലാണ് എളുപ്പമെന്ന് ട്രംപ് വിശ്വസിക്കുന്നു. ആണവ വിഷയം പരിഗണിക്കപ്പെടാത്ത ഒരു കരാർ എങ്ങനെ ഒപ്പുവെക്കാനാകുമെന്ന് അവർക്കറിയില്ലെന്നും മിടുക്കരായി ഇറാൻ ഉടൻ കരാറിൽ ഒപ്പുവെക്കണമെന്നും തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്തു. ചർച്ചകൾ വഴിമുട്ടിയതിനുപിറകെ രണ്ടാഴ്ച മുമ്പാണ് അമേരിക്ക ഇറാൻ തുറമുഖങ്ങൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ, ഇറാൻ തുറമുഖങ്ങളിൽനിന്ന് പുറപ്പെടുന്നതോ അവിടേക്കുള്ളതോ ആയ കപ്പലുകൾ മടക്കുകയോ തിരിച്ചയക്കുകയോ ചെയ്തു. ഇറാൻ കപ്പലുകൾ യു.എസും മറ്റുള്ളവയുടേത് ഇറാനും മുടക്കിയതോടെ ഹുർമുസ് വഴി ചരക്കുകടത്ത് ഏകദേശം സമ്പൂർണമായി നിലച്ച നിലയിലാണ്.

ആണവ വിഷയം ഒഴിവാക്കി പുതിയ കരാറിലെത്താമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും അത് നടക്കില്ലെന്ന് ട്രംപ് പറയുന്നു. നിലവിൽ, ഇറാന്റെ പക്കൽ 440 കിലോ യുറേനിയമുണ്ടെന്നാണ് കരുതുന്നത്. ഇവ 60 ശതമാനം സമ്പുഷ്ടീകരിച്ചിട്ടുണ്ട്. കൂടുതൽ സമ്പുഷ്ടീകരണം നടത്തിയാൽ ഇവ ഉപയോഗിച്ച് ആണവായുധങ്ങളേറെ നിർമിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, ബദൽ വ്യാപാര മാർഗങ്ങൾ വികസിപ്പിച്ച് ഉപരോധം മറികടക്കാമെന്ന് ഇറാൻ കണക്കുകൂട്ടുന്നു. നിലവിൽ, റഷ്യയുൾപ്പെടെ രാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്തി മേഖലയിൽ മേൽക്കൈ ഉറപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ഇറാൻ സജീവമാക്കിയിരിക്കുന്നത്.

ശതകോടികളുടെ എണ്ണ വ്യാപാരം നിലച്ചതോടെ ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇറാൻ റിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ്. ഒരു ഡോളറിന് 18 ലക്ഷം ഇറാൻ റിയാൽ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. അതിനിടെ, ദക്ഷിണ ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അധിനിവിഷ്ട മേഖലകൾക്ക് പുറമെ കൂടുതൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ബോംബിങ്ങും ഡ്രോൺ ആക്രമണവും തുടരുകയാണെന്നാണ് റിപ്പോർട്ട്. ഗസ്സയിലും ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ 2023ൽ വംശഹത്യ തുടങ്ങിയതുമുതൽ ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ സംഖ്യ 72,599 ആയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanctions will last indefinitely; US tells Iran to prepare
Next Story