റഷ്യൻ ഉപരോധ ഇളവിൽ ന്യായീകരണവുമായി ട്രംപ്; ‘വിഡ്ഢിത്തം കാണിച്ച് റഷ്യയെ ചർച്ചയിൽനിന്ന് അകറ്റാനില്ല, സെലൻസ്‌കിക്ക് യുദ്ധം അവസാനിപ്പിക്കണമെന്നില്ല’
text_fieldsവാഷിങ്ടൺ: റഷ്യക്കെതിരായ ഉപരോധ ഇളവുകളെ ശക്തമായി പ്രതിരോധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോസ്കോയെ അനുരഞ്ജന ചർച്ചകളിൽ നിലനിർത്താനാണ് താൻ ശ്രമിക്കുന്നതെന്നും, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിക്ക് യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമില്ലെന്നും ട്രംപ് ആരോപിച്ചു. റഷ്യൻ ഉപരോധങ്ങൾ നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് അവ തടഞ്ഞതിനെതിരെ ഉയർന്ന ശക്തമായ വിമർശനങ്ങൾക്ക് മറുപടിയായാണ് ഞായറാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
‘റഷ്യയുടെ കാര്യത്തിലെ എന്റെ തീരുമാനം വളരെ ലളിതമാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളിലാണ് ഞാൻ. വിഡ്ഢിത്തം കാണിച്ച് റഷ്യയെ ചർച്ച മേശയിൽ നിന്ന് അകറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല’-ട്രംപ് കുറിച്ചു.
കഴിഞ്ഞ ആഴ്ചകളിലായി ട്രംപും വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത് വലിയ ഉലച്ചിലുകൾക്കാണ് കാരണമായിരിക്കുന്നത്.
2022ൽ അയൽരാജ്യത്തിന് നേരെ പൂർണ തോതിലുള്ള അധിനിവേശം നടത്തിയ റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നത് ‘യുക്രെയ്നെ തകർക്കുമെന്നും, അത് വ്ലാദ്മിർ പുടിന്റെ യുദ്ധശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും സെലൻസ്‌കി എൻ.ബി.സി ചാനലിന്റെ ‘മീറ്റ് ദി പ്രസ്സ്’ പരിപാടിയിൽ ഞായറാഴ്ച വ്യക്തമാക്കി.
"എന്നെയും പുടിനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. അദ്ദേഹം ഞങ്ങളെ ആക്രമിച്ചു കീഴടക്കി. സൈനികർ മുതിർന്നവരെയും കുട്ടികളെയും കൊലപ്പെടുത്തി. ഒരു ഭീകരനാണ്. അതുകൊണ്ടുതന്നെ പ്രസിഡന്റ് ട്രംപ് ഈ കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- സെലൻസ്‌കി പറഞ്ഞു.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്‌കിക്ക് ആഗ്രഹമില്ലെന്ന തന്റെ നിലപാട് ട്രംപ് ആവർത്തിച്ചു. ലോകത്തിലെ ഡീസൽ വിപണിയെ ഗുരുതരമായി ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ യുക്രെയ്ൻ റഷ്യയിലെ ഡീസൽ റിഫൈനറികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറ്റപ്പെടുത്തി.
‘സെലൻസ്‌കിക്ക് ഒരു കുഴപ്പവുമില്ല, സത്യത്തിൽ യൂറോപ്പ് അദ്ദേഹത്തിന് നൽകുന്ന പണത്തിന്റെ അളവ് വെച്ച് നോക്കുമ്പോൾ.അദ്ദേഹത്തിന് ഈ യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമില്ല, ഒരുപക്ഷേ ഒരിക്കലും ഉണ്ടായിട്ടുമില്ല’-ട്രംപ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന് പരിഹാരമായി, യു.എസിലേക്കും ആഗോള വിപണികളിലേക്കും 300,000 മെട്രിക് ടണ്ണിലധികം ഡീസൽ നൽകാൻ റഷ്യ തയ്യാറാകുമെന്ന് ഒക്ടോബർ ഒമ്പതിന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ഇതിനുപകരമായി ആഗോള ഊർങ്ജ കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെ തുടർന്നായിരുന്നു ഈ നീക്കം.
റഷ്യയോടുള്ള ട്രംപിന്റെ ഈ മൃദുസമീപനം കിയവിനെ മാത്രമല്ല, യൂറോപ്യൻ സഖ്യകക്ഷികളെയും നിരവധി യു.എസ് ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. യുക്രെയ്നെതിരെ നാലര വർഷമായി യുദ്ധം തുടരുന്ന മോസ്കോക്ക് ഈ നടപടി പാരിതോഷികം നൽകുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വാദം.
നയതന്ത്ര തലത്തിലെ ‘തുടർച്ചയായ ആശയവിനിമയങ്ങളുടെ’ ഭാഗമായി യു.എസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫുമായും ജാരേഡ് കുഷ്‌നറുമായും താൻ സംസാരിച്ചതായി ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് എക്സിൽ കുറിച്ചു.
‘ഇത് യാഥാർഥ്യമാക്കാനും അമേരിക്കയുടെ നിലപാട് ശക്തമാക്കാനും സമാധാനം വേഗത്തിൽ കൊണ്ടുവരാനും ഞങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്ന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കഴിഞ്ഞ നാലര വർഷമായി റഷ്യ ഒഴികെയുള്ള എല്ലാവരും കാത്തിരുന്ന സമാധാനമാണിത്’-സെലൻസ്‌കി എഴുതി.
റഷ്യയും യുക്രെയ്നും പരസ്പരം ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സെലൻസ്‌കി വിറ്റ്കോഫുമായും കുഷ്‌നറുമായും ചർച്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്. മോസ്കോയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് ആളുകൾ ഇരുട്ടിലാണ്. അതേസമയം, യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം സെന്റ് പീറ്റേഴ്സ്ബർഗിൽ യുക്രെയ്ൻ നടത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

