'സ്പെയിൻ നിങ്ങളെ കേൾക്കുന്നുണ്ട്, കാണുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്, ഒരിക്കലും മറക്കില്ല'; ഗസ്സയിലെ പെൺകുട്ടിക്ക് മറുപടിയുമായി പെഡ്രോ സാഞ്ചസ്
text_fieldsമാഡ്രിഡ്: ഗസ്സയിലെ തകർക്കപ്പെട്ട കെട്ടിടത്തിന്റെ ചുവരുകളിൽ തീർത്ത സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ചിത്രവും, അതിന് സ്പാനിഷ് പ്രധാനമന്ത്രി നൽകിയ ഹൃദ്യമായ മറുപടിയും ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. ഗസ്സയിലെ ലയാൻ എന്ന പെൺകുട്ടിയും ചിത്രകാരനായ ഉബായ് കരീമും ചേർന്നാണ് ഗസ്സയിലെ തകർന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കൂറ്റൻ ചിത്രം ഒരുക്കിയത്.
‘ഹലോ സ്പെയിൻ, ഞാൻ ഗസ്സയിൽ നിന്നുള്ള ലയാൻ ആണ്’ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ ചിത്രം പുറംലോകം അറിഞ്ഞത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ശ്രദ്ധയിൽ പെടുകയും, അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ 53 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വിഡിയോ സന്ദേശം തിരികെ നൽകുകയും ചെയ്തു.
മനോഹരമായ ഈ സ്നേഹപ്രകടനത്തിന് കലാകാരന്മാരോടും, സ്പെയിനോട് വലിയ സ്നേഹം പ്രകടിപ്പിച്ച ഫലസ്തീൻ ജനതയോടും അദ്ദേഹം നന്ദി അറിയിച്ചു. ‘ഇത്രയധികം വേദനകൾക്കിടയിലും നിങ്ങളുടെ സ്നേഹം ഞങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾ സമയം കണ്ടെത്തി. അതുകൊണ്ട് ലയാനോടും ഗസ്സയിലെ എല്ലാ ആൺകുട്ടികളോടും പെൺകുട്ടികളോടും അവരുടെ കുടുംബങ്ങളോടും എനിക്ക് വളരെ ലളിതമായ ഒരു കാര്യമേ പറയാനുള്ളൂ. സ്പാനിഷ് സമൂഹം മുഴുവൻ നിങ്ങളെ കേൾക്കുന്നുണ്ട്, കാണുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്, ഒരിക്കലും നിങ്ങളെ മറക്കില്ല," സാഞ്ചസ് പറഞ്ഞു. ഗസ്സയിലെ കുട്ടികൾക്ക് ഭയമില്ലാതെ വീണ്ടും തങ്ങളുടെ വിദ്യാലയങ്ങളിൽ ചിത്രരചന നടത്താനും സമാധാനപരമായ ഒരു ഭാവിയിൽ ജീവിക്കാനും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ലയാന്റെ ഈ നന്ദിപ്രകടനം ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് സ്പെയിൻ നൽകുന്ന ശക്തമായ പിന്തുണയുടെ പ്രതിഫലനം കൂടിയാണ്. 2024 മെയ് 28-ന് അയർലൻഡ്, നോർവെ എന്നീ രാജ്യങ്ങൾക്കൊപ്പം സ്പെയിനും ഫലസ്തീനെ ഒരു രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ചരിത്രപരമായ നീതിയും സമാധാനത്തിലേക്കുള്ള അടിയന്തര ചുവടുവെയ്പ്പുമാണ് ഈ തീരുമാനമെന്ന് സാഞ്ചസ് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ഗസ്സയിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനും, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ നടപടികൾക്ക് പിന്തുണയേകുന്നതിലും സ്പെയിൻ മുൻപന്തിയിലുണ്ട്. 2026ഓടെ ഗസ്സയ്ക്കുള്ള മാനുഷിക-വികസന സഹായം 150 ദശലക്ഷം യൂറോയായി ഉയർത്തുമെന്നും സ്പെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
യുദ്ധക്കെടുതികൾക്കും തകർച്ചകൾക്കുമിടയിലും കലയിലൂടെ പ്രതീക്ഷ കൈവിടില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഗാസയിലെ ഈ ചുവർചിത്രവും അതിലൂടെ രൂപപ്പെട്ട ഹൃദ്യമായ ആശയവിനിമയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

