‘ഇരയെയും വേട്ടക്കാരനെയും താരതമ്യം ചെയ്യുന്നു,’ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്ന് ഇന്ത്യ. സംഘടനയുടെ പരിഷ്കരണ പ്രക്രിയ തന്നെ ഉപയോഗിച്ച് അർത്ഥവത്തായ ഏതൊരു പരിഷ്കരണത്തെയും തടസ്സപ്പെടുത്തുകയാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
നയതന്ത്ര നിലപാടിന്റെ പേരിൽ ഇന്ത്യയെയും പാകിസ്‍താനെയും സമമായി കാണുന്നത് ഭീകരതയുടെ ഇരകളെയും കുറ്റവാളികളെയും തുല്യരാക്കലാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിമർശിച്ചു. ഐക്യരാഷ്ട്രസഭയുടെ (യു.എൻ) 80-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
ഐക്യരാഷ്ട്രസഭയുടെ ചർച്ചകൾ പലതും ധ്രുവീകരിക്കപ്പെടുകയും, പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പുനർനിർമ്മാണത്തിനായി ശ്രമിക്കുമ്പോൾ തന്നെ ഐക്യരാഷ്ട്രസഭയെ നിലനിർത്തുകയെന്നതാണ് ലോകത്തിന് മുന്നിലുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയെ സംരക്ഷിക്കാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ നടത്തിയ ശ്രമങ്ങൾ ചൂണ്ടിയായിരുന്നു ഇന്ത്യയുടെ ആരോപണം.
പുതിയ ലോക സാഹചര്യങ്ങളിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നതാണ് ഭീകരതടക്കം വിഷയങ്ങളിലെ പ്രതികരണം. പഹൽഗാം പോലെ ക്രൂരമായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയെ ഒരു സിറ്റിംഗ് സെക്യൂരിറ്റി കൗൺസിൽ അംഗം പരസ്യമായി സംരക്ഷിക്കുമ്പോൾ, യു.എൻ നിലപാട് എങ്ങിനെ വിശ്വാസ്യമാവുമെന്നും ജയശങ്കർ ചോദിച്ചു. പാകിസ്താനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു ജയശങ്കറിന്റെ വിമർശനം.
നിലവിൽ, യു.എൻ സുരക്ഷാ കൗൺസിലിൽ അംഗമാണ് പാകിസ്ഥാൻ. ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നീ അഞ്ച് സ്ഥിരാംഗങ്ങൾ ഉൾപ്പെടെ 15 അംഗങ്ങളാണ് കൗൺസിലിലുള്ളത്. പത്ത് താത്കാലിക അംഗരാജ്യങ്ങളെ രണ്ട് വർഷത്തെ കാലാവധിയിലേക്ക് ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഓരോ അംഗവും ഒരു മാസത്തേക്ക് വഹിക്കുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള (എൽ.ഇ.ടി) ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പഹൽഗാം ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള യു.എൻ.എസ്.സി വാർത്തക്കുറിപ്പിൽ ടി.ആർ.എഫിനെ കുറിച്ചുള്ള പരാമർശങ്ങൾ നീക്കാൻ പാകിസ്താൻ ശ്രമിച്ചിരുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
അടിയന്തര വിഷയങ്ങൾ പരിഹരിക്കുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്ന് ജയ്ശങ്കർ പറഞ്ഞു. ഈ സാഹചര്യത്തിലും പ്രതീക്ഷ കൈവിടാനാവില്ല. ബഹുരാഷ്ട്രവാദത്തോടുള്ള പ്രതിബദ്ധത ശക്തമായി തുടരുമെന്നും ഐക്യരാഷ്ട്രസഭയെ പിന്തുണക്കുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

