Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുഎൻ പരിഷ്കരണത്തെ എതിർക്കുന്നവർ സംഘടനയെ ദുരുപയോഗം ചെയ്യുകയാണെന്ന് എസ്. ജയശങ്കർ; സുരക്ഷാ കൗൺസിൽ മാറ്റത്തിൽ ശക്തമായ നിലപാടുമായി ഇന്ത്യ

text_fields
bookmark_border
External Affairs Minister S Jaishankar
cancel
camera_alt

എസ്. ജയശങ്കർ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ (യു.എൻ) കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരാത്തതിൽ ലോകരാജ്യങ്ങൾക്കിടയിൽ കടുത്ത നിരാശയും അതൃപ്തിയും പുകയുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎൻ പരിഷ്കരണങ്ങളെ കണ്ണുമടച്ച് എതിർക്കുന്നവർക്ക് സംഘടനയോട് യാതൊരു ആത്മാർത്ഥതയുമില്ലെന്നും, അവർ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കായി ലോകസംഘടനയെ 'ദുരുപയോഗം' ചെയ്യുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ (യു.എൻ.ജി.എ) ഭാഗമായി സംഘടിപ്പിച്ച മന്ത്രിതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാനകാല ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ യുഎൻ ഘടനയിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ആഗോളതലത്തിൽ കൂടുതൽ ശക്തമായിരിക്കുകയാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. 'പരിഷ്കരണത്തിൽ നമുക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ വ്യക്തമായ ഒരു രേഖ മുൻനിർത്തിയുള്ള ചർച്ചകൾ അനിവാര്യമാണ്. അത്തരം കരട് രേഖകളില്ലാതെ നടത്തുന്ന ചർച്ചകൾ വെറും സമയനഷ്ടം മാത്രമാണ്. കാലത്തിനൊത്ത് മാറാൻ കഴിയാതെ യുഎൻ വളരെ പിന്നോട്ട് പോവുകയാണെന്ന പൊതുവികാരം ഇന്ന് ശക്തമാണ്. യുഎൻ മാറണമെന്ന് പറയുന്നത് സംഘടനയ്ക്ക് എതിരാകലല്ല; മറിച്ച് സംഘടന നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് മാറ്റത്തിനായി വാദിക്കുന്നത്. ഇതിനെ എതിർക്കുന്നവർ യുഎന്നിനെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്,' അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാജ്യങ്ങളുടെയും സമ്പൂർണ സമവായത്തിലൂടെയോ യോജിപ്പിലൂടെയോ മാത്രം പരിഷ്കരണം സാധ്യമാക്കാമെന്ന വാദത്തെ ജയശങ്കർ തള്ളിക്കളഞ്ഞു. സമവായത്തിലൂടെ ഒരിക്കലും മാറ്റം ഉണ്ടാകില്ലെന്നും, ഓരോ രാജ്യങ്ങൾക്കും അവരുടെ നിലപാടുകൾ വ്യക്തമാക്കാൻ അവസരം നൽകിയ ശേഷം വോട്ടെടുപ്പിലൂടെ ജനാധിപത്യപരമായ തീരുമാനങ്ങളിലേക്ക് എത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത പരാധീനതകൾ കുറയ്ക്കാനും പരസ്പരം സഹകരിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ കാണിക്കുന്ന സന്നദ്ധത കൂടുതൽ ജനാധിപത്യപരമായ ഒരു ലോകക്രമത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1945-ൽ രൂപീകരിച്ച നിലവിലെ യുഎൻ സുരക്ഷാ കൗൺസിൽ ഇന്നത്തെ ലോകയാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും, സ്ഥിരം-താൽക്കാലിക അംഗത്വങ്ങൾ വർദ്ധിപ്പിച്ച് കൗൺസിൽ വിപുലീകരിക്കണമെന്നുമുള്ള ഇന്ത്യയുടെ ദീർഘകാല ആവശ്യങ്ങൾക്കിടയിലാണ് ജയശങ്കറിന്റെ രൂക്ഷവിമർശനം. അടുത്ത യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഒരു വനിത വരണമെന്നത് മുകളിൽ നിന്ന് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ലെന്നും താഴെത്തട്ടിൽ നിന്ന് ഉയർന്നുവരേണ്ട വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Those Opposing UN Reforms Are Merely Using the Body, Don’t Care for It: S Jaishankar
Next Story