Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രശ്നം പരിഹരിക്കേണ്ടവർ തന്നെ വലിയ പ്രശ്നമാവുന്നു'; യുഎന്നിൽ വിമർശനവുമായി എസ്. ജയശങ്കർ

text_fields
bookmark_border
External Affairs Minister S Jaishankar chairing the High-Level Meeting of Like-Minded Global South Countries and Friends in New York.
cancel
camera_alt

എസ്. ജയശങ്കർ

ന്യൂയോർക്ക്: സമകാലിക ലോകം നേരിടുന്ന വൻ പ്രതിസന്ധികളുടെ ഏറ്റവും വലിയ ഇരകളായി വികസ്വര രാജ്യങ്ങൾ മാറുമ്പോഴും, ലോകത്തിന്റെ ഭാവി നിർണയിക്കുന്ന സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ അവർ പാർശ്വവൽക്കരിക്കപ്പെടുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 81-ാമത് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സമാനചിന്താഗതിക്കാരായ 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെയും സുഹൃദ് രാഷ്ട്രങ്ങളുടെയും ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വേദികളിൽ വികസ്വര രാജ്യങ്ങൾ പരസ്പരം കൂടുതൽ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും കൂട്ടായ്മ ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

'ഇന്ന് ആഗോള പ്രതിസന്ധികൾ അനുഭവിക്കുന്നതിൽ ഗ്ലോബൽ സൗത്ത് മുൻനിരയിലാണുള്ളത്, എന്നാൽ തീരുമാനങ്ങളെടുക്കുന്ന വേദികളിൽ അവർ ഏറ്റവും പിൻനിരയിലാണ്,' ജയശങ്കർ തുറന്നടിച്ചു. യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും തകർന്ന വിതരണ ശൃംഖലകളും വ്യാപാര പ്രതിബന്ധങ്ങളും കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് ഈ യോഗം ചേരുന്നത്. പഴയൊരു കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇന്നും അന്നത്തെ അധികാര സമവാക്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. തങ്ങളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഘടനകളിൽ ഗ്ലോബൽ സൗത്തിന് കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാൻ യുഎന്നിലും മറ്റ് ബഹുരാഷ്ട്ര ഏജൻസികളിലും ഘടനാപരമായ പരിഷ്കാരം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബഹുസ്വരതയെ മുറുകെപ്പിടിക്കേണ്ട നിർണായക ഘട്ടത്തിൽ അതിനെ തകർക്കുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ച അന്താരാഷ്ട്ര സംഘടനകൾ ഇന്ന് ലോകത്തിന് മുന്നിൽ സ്വയം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഊർജ്ജം, ഭക്ഷ്യസുരക്ഷ, വ്യാപാരം, കണക്റ്റിവിറ്റി, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, നിർമിത ബുദ്ധി (എ.ഐ) തുടങ്ങിയ മേഖലകളിൽ വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിക്കണം. വിതരണ ശൃംഖലകളിലും ധനകാര്യ ഇടപാടുകളിലും ചില കേന്ദ്രങ്ങൾ സൃഷ്ടിക്കുന്ന തടസ്സങ്ങളെ ഒരു കാരണവശാലും അംഗീകരിക്കരുത്. ഊർജ്ജ ലഭ്യതയും വിലയും രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്രിമമായി മാറ്റിവെക്കുന്നത് അനുവദിക്കാനാവില്ലെന്നും, വികസ്വര രാജ്യങ്ങളുടെ വ്യവസായവൽക്കരണ അവകാശങ്ങൾ തടയാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്രപാതകളുടെ സുരക്ഷയും ചരക്കുകപ്പലുകളുടെയും നാവികരുടെയും സംരക്ഷണവും അന്താരാഷ്ട്ര നിയമപ്രകാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസിത രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ പ്രതിസന്ധികളെ മറികടക്കാൻ അന്താരാഷ്ട്ര സോളാർ സഖ്യം (ഐ.എസ്.എ), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കൂട്ടായ്മകളെ ശക്തിപ്പെടുത്തണം.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സംഘത്തെ നയിക്കുന്ന എസ്. ജയശങ്കർ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചകളും നടത്തി. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ താജാനിയുമായി ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ, ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി, യുക്രൈൻ യുദ്ധം എന്നിവ ചർച്ച ചെയ്തു. ഉഗാണ്ടൻ വിദേശകാര്യ മന്ത്രി അഡോണിയ അയേബാരെയുമായി വികസന പങ്കാളിത്തം, പ്രതിരോധ പരിശീലനം, കാർഷിക മേഖല എന്നിവയെക്കുറിച്ചും, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസേസറുമായി ലാപ്ടോപ്പ് വിതരണം, സൗരോർജ്ജ പദ്ധതികൾ, അക്കാദമിക് ചെയറുകൾ തുടങ്ങിയ പ്രധാന വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘In Front Row of Crisis, but Back Row of Decisions’: Jaishankar Champions Global South at UNGA 81
Next Story