Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനയതന്ത്ര വാതിൽ തുറന്ന്...

നയതന്ത്ര വാതിൽ തുറന്ന് യു.എസ്; ഇറാനുമായുള്ള ചർച്ചകൾ തിങ്കളാഴ്ചയെന്ന് ട്രംപ്

text_fields
bookmark_border
trump
cancel
camera_alt

ട്രംപ് 

വാഷിങ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന ശക്തമായ സൈനിക ആക്രമണങ്ങൾ പിൻവലിച്ചതായും യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകൾ തിങ്കളാഴ്ച ഉച്ചക്കുശേഷം ആരംഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഹുർമുസ് കടലിടുക്ക് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്നും ഇറാന്റെ ആണവ നിരായുധീകരണം സംബന്ധിച്ച കരാർ ഉടൻ ഉണ്ടാകുമെന്നും ട്രംപ് അവകാശപ്പെട്ടു.മധ്യസ്ഥർ തയ്യാറാക്കിയ പുതിയ നിർദ്ദേശങ്ങൾ പ്രകാരമായിരിക്കും ഇരുരാജ്യങ്ങളും ചർച്ച ചെയ്യുക എന്നാണ് അറിയാൻ കഴിയുന്നത്. .

ഹുർമുസ് കടലിടുക്ക് തുറക്കുക, ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ ഗൾഫ് രാജ്യങ്ങൾക്കും ജോർഡനും നേരെ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ മേഖലയിലെ എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുക, ഇറാനെതിരെയുള്ള നാവിക ഉപരോധം യു.എസ് അവസാനിപ്പിക്കുകയും മുൻ വെടിനിർത്തൽ ധാരണ പ്രകാരം ഇറപ്പാക്കിയ എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകുകയും ചെയ്യുക എന്നീ വ്യവസ്ഥകളിൽ ഊന്നിയായിരിക്കും ചർച്ചകൾ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇറാൻ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റാനെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന വൻ തിരിച്ചടിയാണ് ട്രംപ് അവസാന നിമിഷം ഒഴിവാക്കിയത്. മേഖലയിലെ പ്രധാന ശക്തികളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ മൂന്ന് രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് താൻ സൈനിക നീക്കത്തിൽ നിന്ന് പിന്മാറിയതെന്ന് ട്രംപ് വെളിപ്പെടുത്തി. സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് നയതന്ത്ര തലത്തിലുള്ള കരാറുകളിലേക്ക് കടക്കണമെന്ന് ഈ രാജ്യങ്ങൾ അമേരിക്കയോട് ആഹ്വാനം ചെയ്യുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണത്തിനാണ് യു.എസ് സൈന്യം ഞായറാഴ്ച പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ നയതന്ത്ര ചർച്ചകൾക്ക് ഒരു അവസരം കൂടി നൽകുന്നതിനായി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.

ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലെ ഗോൾഫ് ക്ലബ്ബിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങവെയാണ് ട്രംപ് കാര്യങ്ങൾ വിശദീകരിച്ചത്. ശനിയാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി താൻ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. ‘നിങ്ങൾ ഏതാണ് ആഗ്രഹിക്കുന്നത്? തങ്ങൾ ഇത് ചെയ്യണമെന്നാണോ അതോ വേണ്ടെന്നാണോ?’ എന്ന് താൻ സൗദി കിരീടാവകാശിയോട് ചോദിച്ചതായും, അനിശ്ചിതത്വത്തിലേക്ക് നയിക്കുന്ന സൈനിക ആക്രമണത്തേക്കാൾ സമാധാന കരാറിലെത്തുന്നതാണ് നല്ലതെന്നാണ് ഗൾഫ് നേതാക്കൾ വ്യക്തമാക്കിയതെന്നും ട്രംപ് പറഞ്ഞു.

ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം പലതവണ ട്രംപ് ആക്രമണങ്ങൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും പിന്നീട് കാര്യങ്ങൾ വീണ്ടും സങ്കീർണമാകുകയായിരുന്നു.

ആഗോള ഊർജ്ജ ഗതാഗതത്തിന്റെ അഞ്ചിലൊന്നും നടന്നിരുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതും നിലവിലെ ധാരണയിൽ ഉൾപ്പെടുമെന്ന് ട്രംപ് ആവർത്തിച്ചു. യുദ്ധം ആരംഭിച്ച ശേഷം അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ പലതവണ ആക്രമണം നടത്തിയിരുന്നു.

അതേസമയം, ഫെബ്രുവരി 28ന് (യുദ്ധം ആരംഭിച്ച ദിവസം) മുമ്പുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്ക് ഇനി മടങ്ങില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ഞായറാഴ്ച വ്യക്തമാക്കി. ഒമാനുമായി ഷിപ്പിങ് കാര്യങ്ങളിൽ ചർച്ച നടത്തുന്നുണ്ടെങ്കിലും കടലിടുക്ക് പൂർണമായി തുറക്കുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകളില്ലെന്ന് അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peace talkStrait of HormuzDonald TrumpUS Iran War
News Summary - യു.എസ്-ഇറാൻ ചർച്ചകൾ തിങ്കളാഴ്ചയെന്ന് ട്രംപ്
Next Story