തിരിച്ചടിച്ച് റഷ്യ; യുക്രെയ്നിൽ അഞ്ച് മരണം, ആക്രമണം ട്രംപ്-പുടിൻ സംഭാഷണത്തിനു പിന്നാലെ
text_fieldsവടക്കൻ യുക്രെയ്ൻ നഗരമായ പ്രിലുകിയിലുണ്ടായ റഷ്യൻ ആക്രമണത്തിന് ശേഷം തീയണക്കുന്നു
കിയവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ യുക്രെയ്നെതിരെ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. വടക്കൻ യുക്രെയ്ൻ നഗരമായ പ്രിലുകിയെ ലക്ഷ്യമിട്ട് വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ പിഞ്ചുകുഞ്ഞും അമ്മയും മുത്തശ്ശിയും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക സമയം പുലർച്ച 5.30നായിരുന്നു ആക്രമണം. തലസ്ഥാനമായ കിയവിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് 50,000ത്തോളം മാത്രം ജനസംഖ്യയുള്ള പ്രിലുകി.
അടിയന്തര രക്ഷാപ്രവർത്തക സംഘാംഗത്തിന്റെ ഒരു വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. ഷഹീദ് ഡ്രോൺ പതിച്ചാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം കൊല്ലപ്പെട്ടതെന്നും അദ്ദേഹം ടെലഗ്രാമിൽ വ്യക്തമാക്കി. യുക്രെയ്ൻ കഴിഞ്ഞ ആഴ്ച റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ശക്തമായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡൊനറ്റ്സ്ക്, ഖാർകിവ്, ഒഡേസ, സുമി, ചെർണിവ്, ഡിനിപ്രോ, ഖേർസൺ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിട്ട് 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും റഷ്യ പ്രയോഗിച്ചു. കുട്ടികളും ഗർഭിണിയും അടക്കം 17 പേർക്ക് ഖാർകിവിൽ പരിക്കേറ്റതായി പ്രാദേശിക ഗവർണർ ഒലെഹ് സിനീഹുബോവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

