യുക്രെയ്ൻ ആശുപത്രിയിൽ റഷ്യൻ മിസൈൽ ആക്രമണം
text_fieldsകിയവ്: യുക്രെയ്നിന്റെ കിഴക്കൻ പ്രദേശമായ ഡിനിപ്രോയിലെ മെഡിക്കൽ ക്ലിനിക്കിനുനേരെ വ്യാഴാഴ്ച രാത്രിയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളും പരിക്കേറ്റവരിലുണ്ടെന്ന് മേഖലയിലെ ഗവർണർ സെർഹി ലിസാക്ക് പറഞ്ഞു.
ആക്രമണം സ്ഥിരീകരിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി, മറ്റുള്ളവരെ ആശുപത്രിയിൽനിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞു. തകർന്ന ക്ലിനിക് കെട്ടിടത്തിന്റെ വിഡിയോ സെലൻസ്കി പോസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതും കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതും വിഡിയോയിൽ കാണാം.
ഒറ്റരാത്രികൊണ്ട് റഷ്യയിൽനിന്ന് വിക്ഷേപിച്ച 17 മിസൈലുകളും 31 ഡ്രോണുകളും വെടിവെച്ചിട്ടതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. നിരവധി ഡ്രോണുകളും മിസൈലുകളും ഡിനിപ്രോയിലും കിഴക്കൻ നഗരമായ ഖാർകിവിലും എണ്ണസംഭരണി ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളിൽ പതിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കിയവിലും ആക്രമണമുണ്ടായി. യുക്രെയ്ൻ പ്രതിരോധസംവിധാനം തകർത്ത ഡ്രോണുകളുടെ ശകലങ്ങൾ ഒരു ഷോപ്പിങ് സെന്ററിന്റെ മേൽക്കൂരയിൽ വീണു. ഒരു വീടിനും നിരവധി കാറുകൾക്കും കേടുപാട് സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആസന്നമെന്നു കരുതുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യ സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ സമീപ ആഴ്ചകളിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.