വ്ലാദിമിർ പുടിൻ ‘ദീർഘകാല സുഹൃത്ത്’ -ഷി ജിൻപിങ്
text_fieldsബെയ്ജിങ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ദീർഘകാല സുഹൃത്തെന്ന് വിശേഷിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിക്ക് പിന്നാലെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കയിൽനിന്നുള്ള വെല്ലുവിളി വർധിക്കുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.
പ്രിയ സുഹൃത്ത് എന്നാണ് പുടിൻ ചൈനീസ് പ്രസിഡന്റിനെ വിളിച്ചത്. ചൈനയുമായുള്ള റഷ്യയുടെ ബന്ധം മുമ്പില്ലാത്തവിധം ഉയരത്തിലെത്തിയിരിക്കുകയാണ്. റഷ്യൻ സഞ്ചാരികൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കുമെന്നും ചൈന അറിയിച്ചു. ഈ മാസമൊടുവിൽ ഇത് നിലവിൽവരും. ചൈനയിലേക്ക് പ്രകൃതി വാതകം പൈപ് ലൈൻ വഴി എത്തിക്കുന്നതിന് റഷ്യയുമായി ധാരണപത്രം ഒപ്പുവെക്കുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച ബെയ്ജിങ്ങിൽ സൈനിക പരേഡ് നടക്കാനിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. യുക്രെയ്ൻ യുദ്ധത്തിൽ തങ്ങൾ നിഷ്പക്ഷമാണെന്നാണ് ചൈന പറയുന്നത്. അതേസമയം, അടുത്ത വ്യാപാരബന്ധം പുലർത്തി റഷ്യക്ക് സാമ്പത്തിക പിന്തുണ നൽകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

