എമ്പയർ സ്റ്റേറ്റ് ബിൽഡിങിൽ കയറി വിവാഹാഭ്യർത്ഥന; റഷ്യൻ ദമ്പതികൾക്ക് യുഎസിൽ നാടുകടത്തൽ ഭീഷണി
text_fieldsന്യൂയോർക്ക്: ലോകപ്രശസ്തമായ ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങിന്‍റെ മുകളിൽ സാഹസികമായി കയറി പ്രണയാഭ്യർത്ഥന നടത്തിയ റഷ്യൻ ദമ്പതികൾ കടുത്ത നിയമനടപടികളെയും നാടുകടത്തൽ ഭീഷണിയെയും നേരിടുന്നു. പ്രോസിക്യൂട്ടർമാർ നേരത്തെ തയ്യാറാക്കിയ കുറ്റസമ്മത കരാർ പിൻവലിച്ചതാണ് ഇവരുടെ പ്രതിസന്ധി ഗുരുതരമാക്കിയത്. ആൻജല നിക്കോളോ, ഇവൻ കുസ്നെറ്റ്സോവ് എന്നിവരാണ് ഗുരുതരമായ ക്രിമിനൽ കുറ്റാരോപണങ്ങളെ നേരിടുന്നത്. മോസ്കോ സ്വദേശികളായ ഇരുവരും സാഹസികമായ ക്ലൈംബിംഗിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയവരാണ്.
കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങിന്‍റെ ഏറ്റവും മുകളിലേക്ക് അതിസാഹസികമായി കയറിയത്. തുടർന്ന് അധികാരത്തിന്റെ സ്നേഹത്തെക്കാൾ സ്നേഹത്തിന്റെ അധികാരം വിജയിക്കുമ്പോൾ ലോകം സമാധാനം അറിയുന്നു എന്ന് രേഖപ്പെടുത്തിയ കൊടി അവർ അവിടെ ഉയർത്തി. ഇതിന് പിന്നാലെ ഇവൻ കുസ്നെറ്റ്സോവ് ആൻജലയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ നിന്ന് ലഭിച്ച ഇമെയിൽ സന്ദേശത്തെ തുടർന്നാണ് പ്രോസിക്യൂട്ടർമാർ നേരത്തെ ഉണ്ടാക്കിയ ധാരണകളിൽ നിന്ന് പിന്മാറിയത്. വ്യാഴാഴ്ച ന്യൂയോർക്കിലെ ക്രിമിനൽ കോടതിയിൽ നടന്ന ഹിയറിംഗിനിടയിൽ നാടുകടത്തൽ ഭീഷണി നിലനിൽക്കെ ആൻജല നിക്കോളോ വികാരാധീനയായി കരയുന്ന കാഴ്ചയുണ്ടായി. തങ്ങൾ യാതൊരുവിധ വസ്തുവകകളും നശിപ്പിച്ചിട്ടില്ലെന്നും ആർക്കും അപകടമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും ദമ്പതികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
റഷ്യയിലേക്ക് തിരിച്ചയക്കപ്പെട്ടാൽ ദമ്പതികൾക്ക് നേരിടേണ്ടി വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കുമെന്ന് അവരുടെ അഭിഭാഷകനായ നോം ബിയാലെ വ്യക്തമാക്കി. ഇവൻ കുസ്നെറ്റ്സോവ് നിർബന്ധമായും ഉക്രെയ്നിലെ യുദ്ധത്തിലേക്ക് അയക്കപ്പെടാൻ സാധ്യതയുണ്ട്. ആൻജല നിക്കോളോ തന്റെ കലാപരമായ ആവിഷ്കാരങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ടേക്കാം എന്നും അഭിഭാഷകൻ വ്യക്തമാക്കി.

