ചർച്ചക്ക് തൊട്ടുമുമ്പ് റഷ്യൻ ആക്രമണം; യുക്രെയ്നിൽ രണ്ടുമരണം
text_fieldsകിയവ്: യു.എസ്-യുക്രെയ്ൻ ചർച്ചകൾക്കു തൊട്ടുമുമ്പ്, സപോരിജിയ നഗരത്തിൽ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഒരു വീട്ടിൽ റഷ്യൻ ഡ്രോൺ ഇടിച്ചുകയറി ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വൈകീട്ട് മിയാമിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന യു.എസ്-യുക്രെയ്ൻ ചർച്ചകൾക്ക് മുന്നോടിയായാണ് ആക്രമണം. പ്രധാന വിഷയങ്ങളിൽ ഇതുവരെ ഒരു വഴിത്തിരിവും സൃഷ്ടിക്കാത്ത റഷ്യ ഉൾപ്പെട്ട ത്രികക്ഷി ചർച്ചകൾ തണുത്ത മട്ടിലാണ്. അതേസമയം, ഇറാൻ യുദ്ധം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇറാനെതിരായ ഇസ്രായേലിന്റെയും യു.എസിന്റെയും ആക്രമണത്തോടെ ആരംഭിച്ച ഏറ്റവും പുതിയ സംഘർഷം യുക്രെയ്നിന്റെ ദുരവസ്ഥയിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചു.
യുക്രെയ്നിന്റെ ഏകദേശം 20 ശതമാനം ഭൂമി റഷ്യൻ സൈന്യത്തിന്റെ കൈവശമാണ്. അതേസമയം, എണ്ണ ഉപരോധങ്ങളിൽ പല രാജ്യങ്ങൾക്കും യു.എസ് താൽക്കാലിക ഇളവ് നൽകിയതിൽനിന്ന് റഷ്യക്ക് സാമ്പത്തിക ലാഭവും ലഭിക്കുന്നു. യുക്രെയ്നാവട്ടെ പണത്തിന് കുറവുണ്ട്. യൂറോപ്യൻ യൂനിയൻ വാഗ്ദാനം ചെയ്ത 90 ബില്യൺ യൂറോ വായ്പക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് അവർ.
റഷ്യയും യുക്രെയ്നും തമ്മിൽ യു.എസ് മധ്യസ്ഥതയിൽ പുതിയൊരു ചർച്ച ഉടൻ നടക്കുമെന്ന് ക്രെംലിനിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിന് യു.എസ് മധ്യസ്ഥതയിലുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ അമേരിക്കയിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

