Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാധാന ചർച്ച പ്രഖ്യാപിച്ച് യു.എസ്; ഉക്രെയ്നിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം, 26 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
സമാധാന ചർച്ച പ്രഖ്യാപിച്ച് യു.എസ്; ഉക്രെയ്നിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം, 26 പേർ കൊല്ലപ്പെട്ടു
cancel

കിയവ്: ഉക്രെയ്നിൽ ദുരിതാശ്വാസ വിതരണ കേന്ദ്രത്തിന് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. നവംബർ 10, 11 തീയതികളിൽ പുതിയ സമാധാന ചർച്ചകൾ നടത്തുവാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പദ്ധതിയിടുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. സപോറീഷ്യ മേഖലയിലെ കോമിഷുവാഖ ഗ്രാമത്തിലെ ഒരു സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധമേഖലയ്ക്ക് തൊട്ടടുത്തുള്ള പ്രദേശത്തെ ഈ സ്കൂൾ ഒരു താൽക്കാലിക അഭയകേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു. പ്രദേശവാസികൾക്കായി എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ദുരിതാശ്വാസ കിറ്റ് വിതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യ തുടരെത്തുടരെ ആക്രമണം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരിൽ രണ്ട് രക്ഷാപ്രവർത്തകരും നാല് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടും. രണ്ട് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. 27 പേരെ കാണാതായിട്ടുണ്ടെന്ന് സപോറീഷ്യ സിറ്റി കൗൺസിൽ സെക്രട്ടറി റെജീന ഖാർചെങ്കോ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്ന പ്രദേശവാസികളിലേക്ക് എത്തുന്നതിനായി പോലീസും രക്ഷാപ്രവർത്തകരും പരിശ്രമിച്ചുവരികയാണെന്ന് റീജിയണൽ പോലീസ് വ്യക്തമാക്കി.

ആക്രമണത്തെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അപലപിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ശേഷം രൂപപ്പെട്ട കൂറ്റൻ ഗർത്തവും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നതും കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു.

റഷ്യൻ സൈന്യം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.അഭയാർത്ഥി കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം റഷ്യയുടെ ബോധപൂർവ്വമായ നീക്കമാണെന്നും, കോമിഷുവാഖയിൽ അവശേഷിക്കുന്ന പ്രദേശവാസികൾക്ക് എല്ലാ ആഴ്ചയും തിങ്കളാഴ്ചകളിൽ ആക്രമണം നടന്ന കേന്ദ്രത്തിൽ നിന്ന് മാനുഷിക സഹായം ലഭിക്കുന്നുണ്ടെന്ന കാര്യം റഷ്യക്കാർക്ക് അറിയാമായിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ സംഘർഷം ലഘൂകരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ മറ്റൊരു തെളിവാണിതെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പ്രദേശത്ത് റഷ്യൻ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനാൽ പലതവണ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്.2022 ഫെബ്രുവരിയിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചത്.അടുത്ത ആഴ്ച യു.എ.ഇയിൽ ഉക്രെയ്ൻ, റഷ്യ, യു.എസ് പ്രതിനിധി സംഘങ്ങൾ സമാധാന ചർച്ചകൾ പുനരാരംഭിക്കാനിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എക്സിൽ കുറിച്ചു.ചർച്ചകളിൽ വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. "യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങൾ, സംഘർഷ ലഘൂകരണ ശ്രമങ്ങൾ, മാനുഷിക ശ്രമങ്ങൾ, സമാധാനത്തിലേക്കുള്ള അടുത്ത ഘട്ടങ്ങൾ" എന്നിവയിലായിരിക്കും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വിറ്റ്കോഫ് പറഞ്ഞു. യു.എസ് ചർച്ചാ സംഘം ഈ ആഴ്ച ബ്രസ്സൽസിൽ വെച്ച് യൂറോപ്യൻ, നാറ്റോ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്ന് വിറ്റ്കോഫ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Russian attack on Ukraine aid hub kills 26 as US announces new peace talks
Next Story