പാട്ടുകളിലൂടെ പുടിനെ വിമർശിച്ച റഷ്യൻ കലാകാരൻ മഞ്ഞുപാളിയിൽ വീണ് മരിച്ചു
text_fieldsപാട്ടുകളിലൂടെ വ്ലാദ്മിർ പുടിനെ വിമർശിച്ച റഷ്യൻ കലാകാരൻ മഞ്ഞുപാളിയിൽ വീണ് മരിച്ചു. പ്രസിദ്ധമായ ഇലക്ട്രോണിക് സംഗീത ഗ്രൂപ് ‘ക്രീം സോഡ’യുടെ സ്ഥാപകനായ ദിമ നോവയെന്ന ദിമിത്രി സ്വിർഗുനോവാണ് (35) മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം സഹോദരനും മൂന്നു സുഹൃത്തുക്കൾക്കുമൊപ്പം തണുത്തുറഞ്ഞ വോൾഗ നദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മഞ്ഞുപാളി തകർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തുക്കളിലൊരാളും മരിച്ചു. തന്‍റെ പാട്ടുകളിലൂടെ പതിവായി പുടിനെ വിമർശിച്ച കലാകാരനായിരുന്നു നോവ. കൂടാതെ, അദ്ദേഹത്തിന്‍റെ ഗാനങ്ങൾ റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
‘അക്വാ ഡിസ്കോ’ എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രിയം. യുക്രെയ്ൻ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളിൽ പലപ്പോഴും ഈ ഗാനം പാടിയിരുന്നു. കൂടാതെ, പാട്ടുകളിൽ റഷ്യൻ പ്രസിഡന്റിന്റെ 1.3 ബില്യൺ ഡോളറിന്റെ കൊട്ടാരത്തെയും നോവ വിമർശിച്ചു. പ്രതിഷേധങ്ങൾ ‘അക്വാ ഡിസ്കോ പാർട്ടികൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ക്രീം സോഡയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെയാണ് നോവയുടെ മരണം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

