പിടിച്ചെടുത്ത മേഖലകൾ യുക്രെയ്ന് വിട്ടുനൽകില്ല –റഷ്യ
text_fieldsമോസ്കോ: മൂന്നുവർഷത്തോളമായി തുടരുന്ന യുദ്ധത്തിൽ പിടിച്ചെടുത്ത അഞ്ച് മേഖലകൾ യുക്രെയ്ന് വിട്ടുനൽകുന്നതിനെക്കുറിച്ച് ചർച്ചയില്ലെന്ന് റഷ്യ. ഈ മേഖലകൾ വിഭജിക്കാൻ കഴിയുന്നതല്ലെന്നും രാജ്യത്തിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണെന്നും റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യു.എസും റഷ്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങൾ ഇത്ര എളുപ്പത്തിലും വേഗത്തിലും ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയും പരസ്പരം കേൾക്കാനുള്ള സന്നദ്ധതയുമാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് റഷ്യയുടെയും യു.എസിന്റെയും നയതന്ത്ര പ്രതിനിധികൾ വീണ്ടും ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പെസ്കോവിന്റെ പ്രസ്താവന. തുർക്കിയയിലെ ഇസ്താംബൂളിൽ യു.എസ് കോൺസൽ ജനറലിന്റെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ എടുത്ത തീരുമാന പ്രകാരമായിരുന്നു നടപടി. ദിവസങ്ങൾക്കുമുമ്പ് റിയാദിൽ ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി എംബസികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
അതിനിടെ, യുക്രെയ്ന്റെ ഒരു ഗ്രാമം കൂടി തിരിച്ചുപിടിച്ചെടുത്തതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം യുക്രെയ്ൻ പിടിച്ചെടുത്ത നികോൾസ്കി ഗ്രാമമാണ് തിരിച്ചുപിടിച്ചത്. 142 കേന്ദ്രങ്ങൾക്കുനേരെ കഴിഞ്ഞ രാത്രി സംയുക്ത ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ സൈന്യത്തിന്റെ വ്യോമതാവളം, ഡ്രോൺ ഓപറേറ്റർ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റഷ്യ ഒറ്റരാത്രികൊണ്ട് പ്രയോഗിച്ച 166 ഡ്രോണുകളിൽ 90 എണ്ണം വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. തിരിച്ചടിച്ച യുക്രെയ്ന്റെ 185 ഡ്രോണുകൾ റഷ്യൻ സേന വെടിവെച്ചിട്ടു. ഏഴ് യു.എസ് നിർമിത ജെ.ഡി.എ.എം ഗൈഡഡ് ഏരിയൽ ബോംബുകളും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

