അമേരിക്കക്കും ജപ്പാനും മുന്നറിയിപ്പുമായി റഷ്യയുടെ സെർജി ലാവ്‌റോവ് ഉത്തര കൊറിയയിൽ
text_fieldsസിയോൾ: യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. സൈനികവും സൈനികേതരവുമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി സഖ്യകക്ഷിയായ ഉത്തരകൊറിയ സന്ദർശിക്കവെയാണ് എതിർ ചേരിക്ക് താക്കീതു നൽകിയത്.
ശനിയാഴ്ച ഉത്തരകൊറിയയുടെ കിഴക്കൻ വോൺസാൻ നഗരത്തിൽ നടന്ന പരിപാടിയിൽ ലാവ്റോവ് സംസാരിച്ചു. അവിടെയെത്തിയ അദ്ദേഹം രാജ്യത്തിന്റെ നേതാവ് കിം ജോങ് ഉന്നിനെ കണ്ട് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആശംസകൾ അറിയിച്ചു. യുക്രെയ്‌നുമായുള്ള സംഘർഷത്തിൽ റഷ്യ സ്വീകരിച്ച എല്ലാ നടപടികളെയും നിരുപാധികം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും തന്റെ സർക്കാരിന്റെ പ്രതിബദ്ധത നേരിട്ടുള്ള കൂടിക്കാഴ്ചയിൽ കിം വീണ്ടും ഉറപ്പിച്ചു.
‘സഖ്യത്തിന്റെ നിലവാരത്തിന് അനുസൃതമായ എല്ലാ തന്ത്രപരമായ വിഷയങ്ങളിലും’ പ്യോങ്യാങ്ങും മോസ്കോയും ഒരേ വീക്ഷണങ്ങൾ പങ്കിടുന്നതായി അദ്ദേഹം പറഞ്ഞതായി ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
‘തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും അന്താരാഷ്ട്ര കാര്യങ്ങളിൽ യോജിച്ച പ്രവർത്തനം തീവ്രമാക്കാനും ഇരു രാജ്യങ്ങളും ലാവ്‌റോവ് ആഹ്വാനം ചെയ്തതായി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
കൊറിയൻ ഉപദ്വീപിന് ചുറ്റുമുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങൾ ഏഷ്യൻ സമാധാനത്തിന് ഭീഷണിയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ലാവ്റോവ് പറഞ്ഞു. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനികാഭ്യാസങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് അവയിൽ ചിലതിൽ ആണവ ഘടകം പോലും ഉൾപ്പെടുന്നുവെന്ന് ലാവ്‌റോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കയുടെ ആണവശേഷിയുള്ള B-52H സ്ട്രാറ്റജിക് ബോംബറുകൾ വിന്യസിച്ചുകൊണ്ട് ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിൽ ഇന്തോ-പസഫിക്കിന് പുറത്തുള്ളവർ ചേർന്ന് എക്സ്ക്ലൂസിവ് സഖ്യങ്ങൾ രൂപീകരിക്കാനും മേഖലയിൽ നാറ്റോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 11ന് ക്വാലാലംപൂരിൽ നടന്ന ആസിയൻ ഉച്ചകോടിയിൽ ലാവ്‌റോവ് ഒരു നാടകീയ പ്രസംഗം നടത്തുകയുണ്ടായി. ‘ആസിയാനും’ പടിഞ്ഞാറും തമ്മിലുള്ള ആഴത്തിലുള്ള വിള്ളലുകൾ അദ്ദേഹം തുറന്നുകാട്ടി. യൂറോപ്പിന്റെ അപകടകരമായ പാതയെക്കുറിച്ച് മുന്നറിയിപ്പു നൽകിയ അദ്ദേഹം നാറ്റോയുടെ നയത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു. തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾക്ക് ബ്രിക്‌സ് ലോകത്തിന്റെ ബദലായി മാറിയത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി. യുക്രെയ്‌ൻ, തായ്‌വാൻ, ആഗോള സുരക്ഷ എന്നിവയെക്കുറിച്ചുള്ള പാശ്ചാത്യ കാപട്യത്തെയും അദ്ദേഹം അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

