ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് റഷ്യ; 'സംയമനവും സാമാന്യബുദ്ധിയും കാണിക്കേണ്ടത് ഇസ്രായേൽ'
text_fieldsറഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിബ്കോവ്
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇറാന് പിന്തുണയുമായി റഷ്യ. ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രായേലാണ് സംയമനം പാലിക്കേണ്ടതെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിബ്കോവ് പറഞ്ഞതായി വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
'സംയമനവും സാമാന്യബുദ്ധിയും കാണിക്കേണ്ടത് പ്രാഥമികമായി ഇസ്രായേലാണ്. ആണവ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നു. ഇതിനുപുറമെ, സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് ലോക വിപണികൾ എങ്ങനെ പ്രതികരിക്കുമെന്നതും ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'-സെർജി റിബ്കോവ് പറഞ്ഞു.
ഇറാൻ-ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ റഷ്യ ഇടപെടലുകൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനുമായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഫോണിൽ സംസാരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, സംഘർഷം ലഘൂകരിക്കാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും റഷ്യ അറിയിച്ചിരിക്കുകയാണ്.
മസ്ഊദ് പെസശ്കിയാനുമായുള്ള സംഭാഷണത്തിൽ ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച പുടിൻ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നിർദേശിച്ചു. ചർച്ചയിലേക്ക് മടങ്ങേണ്ടതിന്റെയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ പുടിൻ ഊന്നിപ്പറഞ്ഞു.
അതേസമയം, വീണ്ടും തെഹ്റാനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് തെഹ്റാനിൽ വ്യാപക വ്യോമാക്രമണമുണ്ടായത്. ഇതിന് മറുപടിയായി, തെൽ അവിവിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

