കീഴടങ്ങാതെ കിയവ്; ആക്രമണം വ്യാപിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം
text_fieldsകിയവ്: തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമത്തെ യുക്രെയ്ൻ സൈന്യം പ്രതിരോധിച്ചതോടെ നാലുവശത്തുനിന്നും ആക്രമണം വ്യാപിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം. കിയവിന്‍റെ നിയന്ത്രണം ഇപ്പോഴും യുക്രെയ്ൻ സൈന്യത്തിനാണെന്ന് മേയർ വ്യക്തമാക്കി. തിങ്കളാഴ്ച വരെ കിയവിൽ കർഫ്യൂ പ്രഖ്യാപിച്ചു. അതേസമയം റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളും നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങൾ രംഗത്തെത്തുകയാണ്. ഇന്‍റർനാഷണൽ പേയ്മെന്‍റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് റഷ്യയെ നീക്കാൻ യൂറോപ്യൻ യൂണിയനിൽ ചർച്ചകൾ നടക്കുകയാണ്.
കിയവ് വളഞ്ഞ റഷ്യൻ സേനയെ നഗരത്തിനകത്തേക്ക് പ്രവേശിപ്പിക്കാതെ ചെറുത്ത് നിൽക്കുകയാണ് യുക്രെയ്ൻ. കിയവ്, തെക്കൻ തീരനഗരമായ ഒഡേസ, ഖാർകീവ് എന്നിവിടങ്ങളിൽ റഷ്യൻ സേനക്കെതിരെ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
തന്നെ പിടികൂടി കിയവിൽ അവർക്ക് താൽപര്യമുള്ള നേതാവിനെ അവരോധിക്കാനുള്ള റഷ്യൻ പദ്ധതി തന്‍റെ സൈന്യം തകർത്തതായും സെലൻസ്കി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശം അവസാനിപ്പിക്കാനായി പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമേൽ സമ്മർദം ചെലുത്താനായി അദ്ദേഹം റഷ്യൻ ജനതയോട് അഭ്യർഥിച്ചു. കിയവും സമീപത്തെ പ്രധാന നഗരങ്ങളും ഇപ്പോഴും യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലാണ്.
റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യ മന്ത്രി അറിയിച്ചു. തെക്കൻ നഗരമായ മെലിറ്റൊപോൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. വെള്ളിയാഴ്ച അർധരാത്രിയും ശനിയാഴ്ചയും കിയവിൽ ശക്തമായ മിസൈൽ ആക്രമാണ് റഷ്യ നടത്തിയത്. മിസൈൽ പതിച്ച് കിയവിലെ റെസിഡെൻഷ്യൽ കെട്ടിടങ്ങൾ തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കിയവ് നഗര കേന്ദ്രത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഇപ്പോഴും റഷ്യൻ സേനയെന്ന് യു.കെ പ്രതിരോധ മന്ത്രി അറിയിച്ചു. റഷ്യൻ അധിനിവേശം തുടങ്ങിയതു മുതൽ ഇതുവരെ 1.20 ലക്ഷം പേർ യുക്രെയ്ൻ വിട്ടതായി യു.എൻ അഭയാർഥി ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

