ഊർജ മേഖല വെടിനിർത്തൽ നീക്കം പാളി: അയവില്ലാതെ റഷ്യ-യുക്രെയ്ൻ സംഘർഷം
text_fieldsകിയവ്: റഷ്യയും യുക്രെയ്നും തമ്മിൽ ഊർജ മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ നീക്കം പരാജയപ്പെട്ടു. യുക്രെയ്നിലെ ഊർജ, അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ വ്യാപക ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്കെതിരായ ആക്രമണം യുക്രെയ്നും പുനരാരംഭിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി.
യുക്രെയ്നിലെ മധ്യമേഖലയായ കിറോവോഹ്രാദിൽ 360ലേറെ ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർണായക അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സ്ഥാപനങ്ങൾ, ചരക്കുനീക്ക കേന്ദ്രങ്ങൾ, ജനവാസ മേഖലകൾ എന്നിവയെ റഷ്യ ബോധപൂർവം ലക്ഷ്യമിട്ടതായി മേഖല ഗവർണർ ആൻഡ്രി റൈക്കോവിച്ച് ആരോപിച്ചു.
അതേസമയം, റഷ്യയിലെ റിയാസൻ മേഖലയിലുള്ള എണ്ണശുദ്ധീകരണ ശാലക്കുനേരെ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു. 69 ഡ്രോണുകളും നാല് ഫ്ലമിംഗോ ക്രൂസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യയുടെ ആരോപണം. വ്യോമപ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ എണ്ണശുദ്ധീകരണ ശാലയിൽ പതിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായതായും റഷ്യ വ്യക്തമാക്കി.
റഷ്യയുടെയും യുക്രെയ്ന്റെയും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ധാരണയായെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു കരാറിന് സമ്മതം നൽകിയതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നില്ല. ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷവും യുക്രെയ്നിലെ വൈദ്യുതി നിലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടർന്നു. ഹൈപ്പർസോണിക്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളെത്തുടർന്ന് തലസ്ഥാനമായ കിയവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.
സമാധാന ചർച്ചകൾക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്കെതിരായ ആക്രമണം യുക്രെയ്ൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം അവസാനിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ബുധനാഴ്ച പ്രഖ്യാപിച്ചു. റഷ്യൻ എണ്ണശുദ്ധീകരണ ശാലകളെ വീണ്ടും ലക്ഷ്യമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്കെതിരായ യുക്രെയ്ൻ ആക്രമണമാണ് ആഗോള വിപണിയിൽ ഡീസൽ വില ഉയരാൻ കാരണമെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് സെലൻസ്കിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

